ബയ്റുത്ത് സ്ഫോടനത്തില്‍ വേദന നിറയുന്ന ഒരു കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്ന് കിടക്കുമ്പോള്‍ അതിലേറെ തകര്‍ന്ന മനസുമായി പിയാനോ വായിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് നിറയുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന മേശയും കസേരയും അലമാരയും വീഡിയോയില്‍ വ്യക്തമാണ്. ഇതിന്റെ അടുത്ത് ഇരുന്നാണ് പിയാനോ വായിക്കുന്നത്.
ഒരുവശത്ത് തകര്‍ന്നുവീണ ചില്ലുകഷ്ണങ്ങളും മറ്റും വൃത്തിയാക്കുന്ന ആളെയും കാണാം. വീടിനകം മുഴുവന്‍ ജനലില്‍ നിന്നും മറ്റും അടര്‍ന്നുവീണ ചില്ലുകഷ്ണങ്ങളാണുള്ളത്. ഇതിന്റെ ഇടയില്‍ 79കാരിയായ മുത്തശ്ശിയുടെ പിയാനോ വായന സോഷ്യല്‍മീഡിയയുടെയും കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്. മുത്തശ്ശിയുടെ കൊച്ചുമകളായ മേയ് ലീ മെല്കിയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
സംഭവം നടക്കുന്ന സമയത്ത് മുത്തശ്ശി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. അറുപതു വര്‍ഷത്തോളം ജീവിച്ച വീടിന്റെ അവസ്ഥ മുത്തശ്ശിയെ തളര്‍ത്തിയെന്നും പിയാനോ വിവാഹത്തോട് അനുബന്ധിച്ച് മുത്തശ്ശിക്ക് അച്ഛന് സമ്മാനിച്ചതാണെന്നും കൊച്ചുമകള്‍ പറയുന്നു. വീട്ടിലെത്തി ചുറ്റുമുള്ള അവസ്ഥ കണ്ട മുത്തശ്ശി തന്റെ വേദന അകറ്റാനായി പിയാനോ വായിക്കുകയായിരുന്നു.
ബയ്റുത്തിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ 135ഓളം പേര് മരിക്കുകയും 1500റോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുറമുഖത്തിനടുത്തുള്ള വെയര്‍ഹൗസില്‍ സൂക്ഷിച്ച 2750 മെട്രിക് ടണ്‍ അമോണിയം നൈട്രേറ്റാണ് ഇരട്ടസ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Discussion about this post