ബെയ്ജിങ്: ചൈനയില്‍ ആശങ്ക ഉയര്‍ത്തി പുതിയ വൈറസ് ബാധ. ചെള്ളുകളില്‍ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ഇതുവരെ അറുപതോളം പേര്‍ക്ക് ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഏഴ് പേരാണ് ഈ വൈറസ് ബാധമൂലം മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയില്‍ ഇവരില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ രോഗമുക്തി നേടി.
അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. ജിയാങ്സുവിലും അന്‍ഹുയിലുമായാണ് ഈ വൈറസ് ബാധമൂലം ഏഴ് പേര് മരിച്ചത്. അതേസമയം രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍ നിന്ന് ഈ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് വൈറസ് ബാധക്കുള്ള പ്രധാന കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
Discussion about this post