വുഹാന്‍: ലോകരാജ്യങ്ങളെ ഭീതീയിലാഴ്ത്തി കൊവിഡ് 19 എന്ന മഹാമാരി വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. അതേസമയം വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വീണ്ടും ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. വുഹാനില്‍ രോഗമുക്തരായ നൂറില്‍ 90 പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന പുതിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാനമായും 65 വയസിന് മുകളിലുള്ള രോഗമുക്തി നേടിയവരെ നിരീക്ഷണത്തിന്റെ ഭാഗമാക്കിയത്.
ചൈനയിലെ വുഹാനില്‍ ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തിലാണ് 90 പേര്‍ക്കും ആരോഗ്യപ്രശ്‌നം കണ്ടെത്തിയത്. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്ത. രോഗമുക്തി നേടിയവരില്‍ 90 ശതമാനം പേര്‍ക്കും ശ്വാസകോശ രോഗങ്ങള്‍ അലട്ടുന്നതായാണ് പഠന റിപ്പോര്‍ട്ട്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
രോഗമുക്തി നേടിയവരെ ആറ് മിനിറ്റ് നടത്തുകയായിരുന്നു പരിശോധനയുടെ ആദ്യഘട്ടം. ആറ് മിനിറ്റില്‍ ആരോഗ്യമുള്ള ഒരാള്‍ക്ക് 500 മീറ്റര്‍ നടക്കാന്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് 400 മീറ്റര്‍ മാത്രമേ നടക്കാന്‍ സാധിച്ചുള്ളുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. വിദഗ്ദ സംഘം നിരീക്ഷിച്ച രോഗം ഭേദമായ 90 ശതമാനം പേര്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇവരുടെ ശ്വാസകോശം പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് ഇത്ര മാസങ്ങളായിട്ടും എത്തിയിട്ടില്ല. ശ്വാസകോശ വായുസഞ്ചാരവും ശ്വസനവായു കൈമാറ്റവും കൃത്യമായി നടക്കുന്നില്ലെന്നും പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം രോഗമുക്തി നേടിയ നൂറ് പേരില്‍ പത്ത് പേരിലും കൊവിഡ് വൈറസിനെതിരെ ശരീരം ഉല്‍പ്പാദിപ്പിച്ച ആന്റിബോഡി അപ്രത്യക്ഷമായിട്ടുണ്ടെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ഇവരില്‍ അഞ്ചുപേരാണ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ ടെസ്റ്റില്‍ പോസിറ്റീവ് കാണിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരിക്കുന്നത്. ഇവരില്‍ വൈറസ് തിരികെയെത്തിയതായാണ് കണക്കാക്കുന്നത്. വുഹാന്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലെ യോങ്‌നാന്‍ ആശുപത്രി ഡയറക്ടര്‍ സെങ് സിയോങ്ങിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദഗ്ദ മെഡിക്കല്‍ സംഘം രോഗമുക്തി നേടിയവരെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി വരുന്നുണ്ട്. രോഗമുക്തി നേടിയെങ്കിലും ആരും രോഗപ്രതിരോധശേഷി പഴയനില കൈവരിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കിയത്. രോഗമുക്തി നേടിയവരില്‍ ചിലര്‍ക്ക് ആശുപത്രി വിട്ടതിന് ശേഷം മൂന്ന് മാസത്തോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കേണ്ടിവന്നുവെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.
Discussion about this post