അംസ്റ്റര്‍ഡാം: കൊവിഡ് പകരുന്നത് തടയാനായി മാസ്‌ക് ധരിക്കുന്നത് പല സ്ഥലങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിമാനങ്ങളില്‍. യാത്രക്കാരില്‍ നിന്നും കോവിഡ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് മാസ്‌ക് അടക്കമുള്ള സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ പറയുന്നത്.
എന്നാല്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച രണ്ട് യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. യാത്രക്കാര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷമായി. അംസ്റ്റര്‍ഡാമില്‍ നിന്നും ലിബ്‌സയിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.
ഷര്‍ട്ട് പോലും ഇടാത്ത ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി തല്ല് കൂടുന്നത് വീഡിയോയില്‍ കാണാം. കുട്ടികള്‍ അടക്കം വിമാനത്തിലുണ്ടെന്ന് മറ്റൊരാള്‍ വിളിച്ചു പറയുന്നതും കേള്‍ക്കാം. അടുത്ത ക്ലിപ്പില്‍ ഷര്‍ട്ടിടാത്തയാളെ മറ്റ് യാത്രക്കാര്‍ വിമാനത്തിന്റെ തറയോട് ചേര്‍ത്ത് ബന്ധനത്തിലാക്കിയത് കാണാം. ഇയാളുടെ മൂക്കില് നിന്നും രക്തം വരുന്നുണ്ട്.
വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ട മിഷിഗണ്‍ ക്ലബ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്റെ ഡിസ്‌ക്രിപ്ഷന്‍ പ്രകാരം സംഘര്‍ഷം സൃഷ്ടിച്ചയാളുകള്‍ ബ്രിട്ടീഷുകാരാണ് എന്ന് പറയുന്നു. ഇവര്‍ മദ്യം കഴിച്ചിരുന്നതായും പറയുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം യാത്രക്കാര്‍ക്ക് മാസ്‌കുകള്‍ നിര്‍ബന്ധമാണ് എന്നാണ് വിമാന കമ്പനിയുടെ നിയമം എന്നാണ് സംഭവത്തില്‍ പ്രതികരിച്ച കെഎല്‍എം വിമാന കമ്പനി അറിയിച്ചത്. യാത്രക്കാര് തന്നെ അവരുടെ മുഖാവരണങ്ങള്‍ യാത്രയ്ക്കായി കൊണ്ടുവരണമെന്നും കമ്പനി പറയുന്നു. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
Discussion about this post