ദുബായ്: രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം ധരിക്കണമെന്ന നിര്‍ദേശവുമായി യുഎഇ. കര്‍ശന നിലപാടുകളുമായാണ് മുന്പോട്ട് പോകുന്നത്. അതേസമയം, ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികള്‍ മുഖാവരണം ധരിക്കേണ്ടതില്ലെന്നും യുഎഇ സര്‍ക്കാര്‍ വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മദി അറിയിച്ചു.
മുഖാവരണം കൈകള്‍കൊണ്ട് സ്വയം നീക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കും അവ ഒഴിവാക്കാമെന്നും പ്രത്യകം നിര്‍ദേശം നല്‍കുന്നുണ്ട്. കൊവിഡില്‍ നിന്നും കുട്ടികളും സുരക്ഷിതരല്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കുട്ടികളില്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവര്‍ വൈറസ് വാഹകരാകാം. മറ്റുള്ളവര്‍ക്ക് അതെളുപ്പത്തില്‍ ബാധിക്കാം. മുഖാവരണം ധരിക്കുന്നത് രോഗം പകരാനുള്ള സാധ്യത കുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. ഒമര്‍ അല്‍ ഹമ്മദി ചൂണ്ടിക്കാട്ടി. വൈറസ് നീന്തല്‍ക്കുളങ്ങളിലൂടെ വ്യാപിക്കുന്നെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ കണ്ടെത്തലുകളില്ല. എന്നാല്‍ മറ്റ് നീന്തല്‍ക്കാരില്‍ നിന്നും കൃത്യമായ അകലം ഉറപ്പുവരുത്തുകയും വെള്ളത്തില്‍ നിന്നും കയറുമ്പോള്‍ മുഖാവരണം ധരിക്കുകയും വേണം. കൊവിഡ് നെഗറ്റീവ് ആയ വ്യക്തിയുമായാണ് സമ്പര്‍ക്കമെങ്കിലും മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post