ന്യൂയോര്‍ക്ക്: ദൈവത്തിന്റെ അസ്തിത്വത്തേയും മതങ്ങളേയും നിരാകരിച്ചു കൊണ്ട് വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കത്ത് വില്‍പനയ്ക്ക്. ഐന്‍സ്റ്റീന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1954 ല്‍ എഴുതിയ കത്താണ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്രിസ്റ്റീസ് ലേലത്തില്‍ ചൊവ്വാഴ്ച കത്ത് വില്‍പനയ്ക്കു വെക്കുന്നത്. രണ്ടാം തവണയാണ് കത്ത് വില്‍പനയ്ക്കു വെക്കുന്നത്. 1 മില്യണ്‍ ഡോളര്‍ മുതല്‍ 1.5 മില്യണ്‍ ഡോളര്‍ വരെ കത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിലാണ് ലേലം
‘Choose Life: The Biblical Call to Revolt’ എന്ന പുസ്തകത്തിന്റെ രചയിതാവായ ജര്‍മ്മന്‍
ചിന്തകന്‍ എറിക് ഗുട്‌കൈന്‍ഡിന്‍ പുസ്തകത്തിലെ ആശങ്ങളോട് തര്‍ക്കിച്ചു കൊണ്ട് 1954 ല്‍ ഐന്‍സ്റ്റീന്‍ അയച്ച കത്താണ് വില്‍പനയ്ക്ക് വെക്കുന്നത്.
‘ദൈവം എന്ന വാക്ക് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊന്നുമല്ല, അത് മനുഷ്യ ദൗര്‍ബല്യത്തിന്റെ ഉപോല്‍പന്നമാണ്. ബൈബിള്‍ വളരെ ബഹുമാന്യവും എന്നാല്‍ ആദിമ ഇതിഹാസങ്ങളെ കുറിച്ചുള്ള ശേഖരമാണ്. ഒരു വ്യാഖ്യാനത്തിനും, അതിനി എത്ര സൂക്ഷമായാലും, ഇതിനെക്കുറിച്ച് ഒന്നും തന്നെ(എനിക്ക്) മാറാന്‍ പോകുന്നില്ല’- കത്തില്‍ പറയുന്നു.
തന്റെ ജൂത സത്വത്തില്‍ അഭിമാനം കൊണ്ട ഐന്‍സ്റ്റീന് പക്ഷെ ജൂത മതത്തോട് തനിക്ക് പ്രതിപത്തിയില്ലെന്ന് കത്തില്‍ പറയുന്നു. ‘ഞാന്‍ ജൂത വിശ്വാസികളുടെ കൂട്ടത്തില്‍ സന്തോഷപൂര്‍വം ഭാഗമാകുന്നു. അവരുടെ മനോഭാവത്തോട് ഞാന്‍ എൈക്യപ്പെടുന്നു. എന്നാല്‍ അന്തസിന്റെ കാര്യത്തില്‍ മറ്റുള്ള ആളുകളെക്കാള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഔന്നിത്യം അവകാശപ്പെടാനില്ല. എന്റെ അനുഭവത്തില്‍, മറ്റു മനുഷ്യസമൂഹങ്ങളെക്കാള്‍ ഒട്ടും മെച്ചമല്ല ജൂത മത വിശ്വാസികളും..’- ജൂത മതവിശ്വാസികള്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന വാദത്തെ നിരാകരിച്ചു കൊണ്ട് അദ്ദേഹം എഴുതുന്നു.
ദൈവത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ നിരവധി കത്തുകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ‘ഒരിക്കലും ഐന്‍സ്റ്റീന്‍ ദൈവത്തെക്കുറിച്ചെഴുതിയ ഒരു കത്ത് മാത്രം വായിച്ച് അദ്ദേഹം ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ധാരണയില്‍ എത്തി എന്ന് ആരും കരുതരുത്’ എന്ന് ഐന്‍സ്റ്റീന്റെ ജീവചരിത്രമായ ‘ഐന്‍സ്റ്റീന്‍'(2007)ന്റെ രചയിതാവായ വാള്‍ട്ടര്‍ ഐസാക്‌സണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2008ല്‍ വില്‍പനയ്ക്കു വെച്ചപ്പോള്‍ 4,04,000 ഡോളറിനാണ് കത്തു വിറ്റു പോയത്.