സിയോള്‍: കോവിഡ് വൈറസ് പകരാതിരിക്കാന്‍ കറന്‍സി നോട്ടുകള്‍ അലക്കി ദക്ഷിണ കൊറിയക്കാര്‍. കറന്‍സി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയാന്‍, നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് ചെയ്തിട്ട് അണുനശീകരണം നടത്തുകയും ചെയ്യുകയാണ് ഇവിടുത്തുകാര്‍.
സിയോളിനടുത്തുള്ള അന്‍സാന്‍ നഗരത്തിലാണ് ആദ്യത്തെ സംഭവം. കൊറോണ വൈറസിനെ തുരത്താന്‍ നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തയാള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. 50,000 വോണിന്റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാള്‍ വാഷിംഗ് മെഷീനിലിട്ടത്.
50,000 വോണിന്റെ ഒരു കറന്‍സിക്ക് തന്നെ 3000ത്തിലധികം ഇന്ത്യന്‍ രൂപയുടെ മൂല്യം വരും. വാഷിംഗ് മെഷീനില്‍നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ നോട്ടുകള്‍ പലതും കീറിപ്പറിഞ്ഞു. ഇവ മാറ്റിക്കിട്ടുമോ എന്നറിയാനായി ഇയാള്‍ ബാങ്ക് ഓഫ് കൊറിയയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
എന്നാല്‍ താന്‍ കോവിഡിനെ തുരത്താന്‍ വേണ്ടി നോട്ടുകള്‍ അലക്കിയതാണെന്ന് ഇദ്ദേഹം ആദ്യം സമ്മതിച്ചില്ല. കുടുംബാംഗത്തിന്റെ ശവസംസ്‌കാര വേളയില്‍ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ സഹായധനമാണ് ഇതെന്നാണ് അയാള്‍ പറഞ്ഞതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ തവണ ചോദിച്ചതോടെയാണ് ഇദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തിയത്. അതേസമയം, ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകള്‍ക്ക് പകുതി മൂല്യമാണ് തിരികെ നല്‍കിയതെന്ന് ബാങ്ക് ഔദ്യോഗിക സ്ഥിരീകരണത്തില്‍ പറഞ്ഞു. എണ്ണാന്‍ കഴിഞ്ഞ കീറിയ നോട്ടുകള്‍ക്കാണ് പകുതി മൂല്യം നല്‍കിയതെന്നും എണ്ണാന്‍ പോലും കഴിയാത്ത രീതിയില്‍ കീറിപ്പറിഞ്ഞ നോട്ടുകള്‍ കണക്കിലെടുത്തിട്ടില്ലെന്നും ബാങ്ക് പറഞ്ഞു.
എത്ര നോട്ടുകളാണ് ഇയാള്‍ കഴുകാന്‍ ശ്രമിച്ചതെന്ന് കൃത്യമായി അറിയില്ല. ബാങ്കിന്റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാള്‍ക്ക് മാക്‌സിമം തിരിച്ചു നല്‍കാവുന്ന തുക 23 ദശലക്ഷം വോണ്‍ (19,320 ഡോളര്‍) ആണ്. അതായത് ഏകദേശം പതിനാലര ലക്ഷത്തിന് തുല്യമായ തുക. വന്‍ സാമ്പത്തിക നഷ്ടമാണ് ഇയാള്‍ക്ക് സംഭവിച്ചത് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
സമാനമായ മറ്റൊരു സംഭവവും കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു നോട്ട് അണുനശീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൈക്രോവേവ് ഓവനിലിട്ടാണ്. കോവിഡ് ഭീതിയില്‍ നോട്ടുകള്‍ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാള്‍ക്കും നഷ്ടമുണ്ടായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. പക്ഷേ, വാഷിംങ് മെഷീനില്‍ ഇട്ട് നോട്ടുകള്‍ അലക്കിയ വ്യക്തിക്കുണ്ടായ അത്ര നാശനഷ്ടം കിമ്മിനുണ്ടായിട്ടില്ലെന്നും ബാങ്ക് ചൂട്ടിക്കാട്ടി.
Discussion about this post