മോസ്കോ: ലോകം ഒന്നടങ്കം കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിലാണ്. അതിനിടെ റഷ്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന് ഈ മാസം അധികൃതര്‍ അന്തിമ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്ക്കുമാവും പ്രതിരോധ വാക്സിന് നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം.
ഒക്ടോബറില്‍ റഷ്യ ജനങ്ങള്‍ക്കിടയില്‍ കോവിഡ് വാക്സിനേഷന് നടപടി തുടങ്ങുമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടു ചെയ്തത്. നിയന്ത്രിക്കാനാവാതെ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
20-ലേറെ ക്ലിനിക്കല്‍ ട്രയലുകളും നടക്കുന്നുണ്ട്. അതിനിടെ മോസ്കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയെന്നും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ അവകാശപ്പെട്ടതായി ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഒക്ടോബറില്‍ വാക്സിന് തയ്യാറാകുമെന്നും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ആദ്യഘട്ടത്തില്‍ അത് നല്‍കുമെന്നും മുറാഷ്കോ പറഞ്ഞതായി ബിബിസിയും റിപ്പോര്‍ട്ടു ചെയ്തു. വാക്സിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ വിജയകരമാണെന്ന് ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞമാസം അവകാശപ്പെട്ടിരുന്നു.
അതേസമയം, റഷ്യയുടെ അതിവേഗത്തിലുള്ള നീക്കങ്ങളില്‍ വിദഗ്ധര്‍ക്ക് ആശങ്കയുണ്ടെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. റഷ്യയും ചൈനയും വാക്സിന് പരീക്ഷണങ്ങള്‍ ശരിയായ രീതിയിലല്ല നടത്തുന്നതെന്ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി അഭിപ്രായപ്പെട്ടിരുന്നു.
സുരക്ഷിതമായ വാക്സിന് അമേരിക്ക ഈ വര്‍ഷം അവസാനം പുറത്തിറക്കും. അമേരിക്കയെക്കാള്‍ മുമ്പെ മറ്റാരെങ്കിലും വാക്സിന് കണ്ടെത്തുമെന്നോ അതിനുവേണ്ടി ആരെയെങ്കിലും ആശ്രയിക്കേണ്ടി വരുമെന്നോ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post