ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍; ആശുപത്രി ചെലവ് താങ്ങാനാകാതെ നൈജീരിയന്‍ ദമ്പതികള്‍, സഹായം നല്‍കി ദുബായ് രാജകുമാരനും, കൈയ്യടിയോടെ വരവേറ്റ് ജനത

ദുബായ്: ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ ആശുപത്രിയില്‍ നിന്നും നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പ്രതിസന്ധിയിലായ നൈജീരിയന്‍ കുടുംബത്തിന് സഹായ ഹസ്തവുമായി ദുബായ് രാജകുമാര്‍ ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.

ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ച നൈജീരിയന്‍ സ്ത്രീ സുലിയത് അബ്ദുള്‍ കരീമിനും കുടുംബത്തിനും ആണ് രാജകുമാരന്റെ സഹായം. ഇവരുടെ മുഴുവന്‍ ആശുപത്രി ചെലവും രാജകുമാരന്‍ നല്‍കുമെന്നറിയിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രസവത്തിനായി നാട്ടിലേക്കു പോകാനിരുന്ന ഈ കുടുംബം കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ദുബായിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

ഇതിനിടയില്‍ രണ്ടു മാസം നേരത്തെ പ്രസവം നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കുഞ്ഞുങ്ങളെ എമര്‍ജന്‍സി വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാലു കുട്ടികളെയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നതോടെയാണ് കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ വന്നത്.

400,000 ദര്‍ഹമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നും ബില്‍ വന്നത്. ഇത് നല്‍കാനാവാതെ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. ഇതിനിടെ ദുബായിയിലെ മറ്റ് സന്നദ്ധ സംഘടനകളും മറ്റും ഇവര്‍ക്കായി 42,000 ദര്‍ഹം സമാഹരിച്ചിരുന്നു. ഇതിനു പുറമെയാണ് രാജകുമാരന്റെ സഹായ ഹസ്തം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ലത്തിഫ ആശുപത്രിയില്‍ ആണ് രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും സുലിയത് ജന്‍മം നല്‍കിയത്.

Exit mobile version