ഇസ്ലാമബാദ്: ക്രിക്കറ്റില്‍നിന്നു വിലക്കു നേരിടുന്ന തന്റെ അപേക്ഷകള്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് മതത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളഞ്ഞുവെന്ന് മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഉമര്‍ അക്മലിന്റെ വിലക്ക് വെട്ടിച്ചുരുക്കാനുള്ള പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയതായിരുന്നു ഡാനിഷ് കനേരിയ.
ട്വിറ്ററിലൂടെയായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം. ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്കാണു നല്‍കിയിരുന്നത്. ഇത് 18 മാസമാക്കി ചുരുക്കാനായിരുന്നു പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ” ഡാനിഷ് കനേരിയയുടെ കാര്യത്തില്‍ മാത്രം വിട്ടുവീഴ്ചകള്‍ വേണ്ടെന്ന രീതി. മറ്റുള്ളവരുടെ കാര്യത്തില്‍ അങ്ങനെയല്ല” എന്ന് കനേരിയ ആരോപിച്ചു.
”എനിക്ക് എന്തുകൊണ്ട് ആജീവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് എന്തുകൊണ്ടു ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാമോ?. ജാതി, നിറം, ശക്തമായ പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ നയങ്ങള്‍ ബാധകമാകുക. ഞാനൊരു ഹിന്ദുവാണ്. അങ്ങനെയൊരു പശ്ചാത്തലമുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതാണ് ധര്‍മം”- കനേരിയ ട്വിറ്ററില്‍ കുറിച്ചു.
ക്രിക്കറ്റിലെ വിലക്കിനെതിരെ ഡാനിഷ് കനേരിയയും പാകിസ്താന് ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു പാക്കിസ്ഥാന്റെ മറുപടി. ഇംഗ്ലണ്ട് ടീമായ എസെക്സിനു വേണ്ടി 2009ല്‍ കളിക്കുന്ന സമയത്താണ് വാതുവെപ്പ് കേസില്‍ കനേരിയയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുന്നത്.
ഒത്തുകളി വിവാദങ്ങളും വാതുവെപ്പുകേസുകളും പതിവായ പാക്കിസ്ഥാന് ക്രിക്കറ്റില്‍ 2010ന് ശേഷം ഡാനിഷ് കനേരിയ കളിച്ചിട്ടില്ല. പാക്കിസ്ഥാന് ടീമില്‍ കളിച്ചിരുന്ന സമയത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡാനിഷ് കനേരിയ നേരത്തേ തന്നെ തുറന്നുപറഞ്ഞിരുന്നു.
ഡാനിഷ് കനേരിയയുടെ ദുരനുഭവങ്ങള്‍ പാക്കിസ്ഥാന് താരമായിരുന്ന ശുഐബ് അക്തറും വെളിപ്പെടുത്തിയിരുന്നു. ഹിന്ദു വിശ്വാസി ആയതിനാല്‍ ചില താരങ്ങള്‍ക്ക് കനേരിയയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിനു പോലും ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണു അക്തര്‍ പറഞ്ഞത്.
Discussion about this post