കൊവിഡ് രോഗം ബാധിക്കുന്നവരുടെ ശ്വാസകോശങ്ങളെ മാത്രമല്ല ഹൃദയത്തേയും വൃക്കകൾ, മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ആക്രമിക്കുമെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് ഹൃദയത്തെ ഗുരുതരമായി തന്നെ ബാധിക്കുന്നുവെന്നാണ് ജർമ്മനിയിൽ നടന്ന പുതിയ പഠനം തെളിയിക്കുന്നത്. കൊവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ജർമൻ പഠനത്തിൽ പറയുന്നു.
രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പഠനത്തിൽ പറയുന്നു. ജർമ്മനിയിൽ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കൊവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേർക്കും ഹൃദയത്തിൽ വലിയ തോതിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.
അതേസമയം, ഹൃദയത്തിനുണ്ടാകുന്ന ഈ ആഘാതം എത്രകാലം നീണ്ടുനിൽക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്‌നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ ആദ്യ പഠനത്തിൽ കൊവിഡ് ഭേദമായ നൂറുപേരുടെ ഹൃദയാരോഗ്യത്തെക്കുറിച്ചാണ് വിലയിരുത്തിയത്.
ഈ ഗ്രൂപ്പിൽ കൊറോണ വൈറസ് ബാധിക്കുന്നതിന് മുമ്പ് ആരോഗ്യവാൻമായിരുന്ന അമ്പത് പേരാണ് ഉണ്ടായിരുന്നത്. മറ്റൊരു 50 പേർക്ക് ഹൃദയസംബന്ധമായ അപകടസാധ്യതകൾ ഉണ്ടായിരുന്നു. കൊവിഡ് മുക്തരായ നൂറിൽ 78 പേരുടെയും എംആർഐ സ്‌കാനിൽ നിന്നും ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങൾ ഗവേഷകർ കണ്ടെത്തി.
രണ്ടാമത്തെ പഠനം നടത്തിയത് ജർമനിയിലെ ഹാംബർഗിലെ യൂണിവേഴ്‌സിറ്റിയിലെ ഹാർട്ട് ആൻഡ് വാസ്‌കുലർ സെന്ററിലെ ഗവേഷകരാണ്. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ 39 പേരിലും ഹൃദയപ്രശ്‌നങ്ങൾ പഠനസംഘം തിരിച്ചറിഞ്ഞു. എന്നാൽ ഹൃദയത്തിനുണ്ടാകുന്ന കടുത്ത വൈറൽ അണുബാധയായ അക്യൂട്ട് മയോകാർഡിറ്റിസ് ഇവരിൽ കണ്ടെത്തിയില്ല. പക്ഷേ, ഹൃദയത്തിൽ വൈറസ് എത്തിച്ചേർന്നതായുള്ള ലക്ഷണങ്ങൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊവിഡ് 19 മഹാമാരി ഭാവിയിൽ ഹൃദയപ്രശ്‌നങ്ങൾക്കും വഴിയൊരുക്കിയേക്കുമെന്ന് ജാമ കാർഡിയോളജിയിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ ഹൃദ്രോഗവിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Discussion about this post