പുഷ്പകവിമാനത്തില്‍ പറന്നതിനെക്കുറിച്ച് ഒട്ടേറെ കഥകള്‍, രാവണന്റെ റൂട്ട്മാപ്പ് കണ്ടുപിടിക്കാന്‍ ഒരുങ്ങി ശ്രീലങ്ക

ശ്രീലങ്ക: രാവണനെക്കുറിച്ച് നിരവധി കഥകളാണുള്ളത്. പുഷ്പകവിമാനത്തില്‍ പറന്നതിനെക്കുറിച്ച് ഒട്ടേറെ കഥകള്‍ നിലനില്‍ക്കേ, രാവണന്‍ സ്വീകരിച്ച വ്യോമപാതകളെക്കുറിച്ച് ആധികാരികമായി അറിയാന്‍ ഗവേഷണപദ്ധതിക്ക് നേതൃത്വം നല്‍കി ശ്രീലങ്കന്‍ ഏവിയേഷന്‍ അതോറിറ്റി.

‘രാവണരാജാവും അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട വ്യോമപാതയും’ എന്നാണ് ഗവേഷണപദ്ധതിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. രാവണനെക്കുറിച്ച് ഒട്ടേറെ കഥകളുള്ളതിനാല്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചു.

രാവണന്റെ സഞ്ചാരപാതയെക്കുറിച്ച് സൂചനനല്‍കുന്ന രേഖകളോ സാഹിത്യമോ കൈവശമുള്ളവര്‍ വ്യോമയാന അധികൃതരുമായി ബന്ധപ്പെടണമെന്ന് ശീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് ഒരു പത്രപ്പരസ്യവും ഒരു സിംഹള ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം നല്‍കി.

ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കായി രാമായണയാത്ര സംഘടിപ്പിക്കുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണം ലങ്കാധിപതിയും രാക്ഷസരാജാവുമായ രാവണന്റെ വീരകഥകളാണ്. കഴിഞ്ഞ ജൂണില്‍ ശ്രീലങ്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹത്തിന് രാവണ-1 എന്ന പേരാണ് അവര്‍ നല്കിയത്.

Exit mobile version