ബീജിങ്: കൊവിഡ് രോഗത്തെ വരുതിയിലാക്കിയെന്ന ആത്മവിശ്വാസത്തിൽ ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സിനിമാ വിപണിയായ ചൈന സിനിമാ തീയ്യേറ്ററുകൾ തുറന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുകയായിരുന്നു. അമേരിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ സിനിമ വിപണിയാണ് ചൈനയിലേത്.
ആദ്യഘട്ടത്തിൽ ചൈനീസ് സിനിമകൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. ലോക സിനിമകൾക്ക് അടുത്തഘട്ടത്തിലായിരിക്കും പ്രദർശനത്തിന് അവസരം. 30 ശതമാനം സീറ്റുകളിൽ മാത്രമാണ് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, നാലു ലക്ഷം ഡോളറിന്റെ ടിക്കറ്റാണ് പല പ്രമുഖ ഓൺലൈൻ കമ്പനികളും കഴിഞ്ഞ ദിവസം വിറ്റതെന്നാണ് പുറത്തുവരുന്ന വിവരം.
സാമൂഹിക അകലം പാലിക്കാനായി അടയാളപ്പെടുത്തിയ സീറ്റുകളിൽ മാത്രമേ ഇരിക്കാൻ അനുവാദമുള്ളൂ. കൂടാതെ, ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ അകത്തു കയറ്റുന്നത്. തീയ്യേറ്ററുകൾക്ക് അകത്തേക്ക് കടക്കണമെങ്കിൽ മാസ്‌ക് നിർബന്ധമാണ്. ഭക്ഷണ വിൽപന നിരോധിച്ചിട്ടുണ്ട്.
കുട്ടികൾക്കോ പ്രായം ചെന്നവർക്കോ പ്രവേശനത്തിന് നിയന്ത്രണമില്ല. ചൈനയിലെ തീയ്യേറ്ററുകൾ തുറന്നതിനുശേഷമുള്ള പ്രതികരണം കാത്തിരിക്കുകയാണ് ഹോളിവുഡ് അടക്കമുള്ള ലോകസിനിമാ വിപണികൾ.
Discussion about this post