ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. കൊറോണ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങളുടെ മനസ്സില്‍ ഭീതി വന്ന് നിറയുന്നു. എന്നാല്‍ ഭൂമിയില്‍ മാത്രമല്ല, അങ്ങ് ശുക്രനിലും കൊറോണയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എന്നാല്‍ ശുക്രനിലുള്ളത് വൈറസ് അല്ല, സജീവമായി നില്ക്കുന്ന അഗ്‌നിപര്‍വ്വതങ്ങളുടെ ഘടനകളെയാണ് കൊറോണ എന്നു വിളിക്കുന്നത്. ഈ കൊറോണ ഭൂമിശാസ്ത്രപരമായി സജീവമാകുമോ എന്ന് അന്വേഷിക്കുന്നതിനായി മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി, സൂറിച്ചിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ജിയോഫിസിക്‌സ് എന്നിവയിലെ ഗവേഷകര്‍ 3 ഡി മോഡലുകള്‍ സൃഷ്ടിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.
500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കൊറോണകള്‍ രൂപം കൊള്ളുന്നതിനുപകരം, അവ നിലവില്‍ സജീവമായ പ്രക്രിയകളില്‍ നിന്നാണ് വരുന്നതെന്ന് ഇപ്പോള്‍ അവര്‍ കണ്ടെത്തി. ഇവരുടെ അഭിപ്രായത്തില്‍ ശുക്രന് ഭൂമിശാസ്ത്രപരമായി സജീവമാണ്, കൊറോണ എന്നറിയപ്പെടുന്ന 37 പൊട്ടിത്തെറിക്കാന്‍ വെമ്പി നില്‍ക്കുന്ന അഗ്‌നിപര്‍വ്വത ഘടനകള്‍ ഇവിടെയുണ്ട്.
ഗ്രഹത്തിന്റെ ഉപഗ്രഹ നിരീക്ഷണങ്ങളിലൂടെ ആദ്യം കണ്ടെത്തിയ ഈ ‘അഗ്‌നിപര്‍വ്വത ഘടനകള്‍’ വളരെക്കാലം വംശനാശം സംഭവിച്ചു എന്ന മുന്‍ സിദ്ധാന്തത്തെ തള്ളിക്കളയുന്നു. ഗ്രഹത്തിനുള്ളില്‍ നിന്ന് ചൂടുള്ള വസ്തുക്കള്‍ ആവരണത്തിലൂടെ ഉയര്‍ന്ന് പുറംതോട് വഴി പൊട്ടിപ്പുറപ്പെടുമ്പോള്‍ മോതിരം പോലെയുള്ള ഘടനകള്‍ രൂപം കൊള്ളുന്നതായാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.
ഭാവിയില്‍, സൂര്യനില്‍ നിന്നുള്ള രണ്ടാമത്തെ ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കാണുന്ന രീതിയെ ഈ കണ്ടെത്തല്‍ ഗണ്യമായി മാറ്റുന്നുവെന്ന് ഗവേഷണത്തിന് പിന്നിലുള്ള ടീം പറയുന്നു. ഈ പഠനം ശുക്രനെ നിഷ്‌ക്രിയ ഗ്രഹത്തില്‍ നിന്ന് മാറ്റി, അതിന്റെ ആന്തരികം ഇപ്പോഴും സജീവമായ നിരവധി അഗ്‌നിപര്‍വ്വതങ്ങളെ പോഷിപ്പിക്കുന്നതുമാണെന്ന വലിയ വിവരമാണ് വെളിപ്പെടുത്തുന്നത്. ശുക്രനെക്കുറിച്ചുള്ള പുതിയൊരു അറിവാണ് ലഭിച്ചിരിക്കുന്നത്.
Discussion about this post