കൊളംബൊ: ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് കോടതി വിലക്കി. രണ്ട് തവണ സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടയാള്‍ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122 സഭാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ഒരുമാസം മുമ്പാണ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയാക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നീക്കം നടത്തിയത്. എന്നാല്‍ രാജപക്‌സെ സ്ഥാനം ഏറ്റെടുത്തെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
പാര്‍ലമെന്റില്‍ രാജപക്‌സെയ്‌ക്കെതിരേ കൊണ്ടുവന്ന രണ്ട് അവിശ്വാസപ്രമേയങ്ങളും പാസായെങ്കിലും രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള പ്രമേയവും വ്യാഴാഴ്ച ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കി. രാജപക്‌സയോടും കാബിനറ്റ് മന്ത്രിമാരോടും ഡിസംബര്‍ 12 ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു