പെഷവാര്‍: പാകിസ്താന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ ഖിബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ 1700 വര്‍ഷം പഴക്കമുള്ള ബുദ്ധ പ്രതിമ കൂടത്തിന് അടിച്ച തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഗാന്ധാര സംസ്കാരത്തിന്റെ ഭാഗമായ ബുദ്ധന്റെ അപൂര്‍വ്വമായ പൂര്‍ണകായ പ്രതിമയാണ് തകര്‍ത്തത്.
മര്‍ദാന്‍ ജില്ലയിലെ ഒരു കൃഷിയിടത്തില്‍ നിന്നുമായിരുന്നു ബുദ്ധന്റെ പൂര്‍ണകായ പ്രതിമ ലഭിച്ചത്. നാല് നിര്‍മ്മാണ തൊഴിലാളികളാണ് പ്രതിമ തകര്‍ത്തതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് നാലുപേരും അറസ്റ്റിലായത്. അതേസമയം, തങ്ങളുടെ ആത്മീയ നേതാവിന്റെ നിര്‍ദ്ദേശം പിന്തുടരുകയായിരുവെന്ന് ഇവര്‍ മൊഴി നല്കി.
വലിയ കൂടമുപയോഗിച്ച് ബുദ്ധന്റെ പ്രതിമ അടിച്ച് തരിപ്പണമാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരുന്നു. ഒരാള്‍ പ്രതിമ അടിച്ച് തകര്‍ക്കുകയും മറ്റ് മൂന്ന്പേര്‍ ഇയാളെ പ്രോത്സാഹിപ്പിക്കുന്നതും ചുറ്റും കൂടി നിന്ന് ചിലര്‍ വീഡിയോ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതിമയുടെ ഭാഗങ്ങള്‍ പുരാവസ്തു വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
1700 വര്‍ഷം പഴക്കം വരുന്ന ഗാന്ധാര സംസ്കാരത്തിന്റെ ഭാഗമായുള്ളതാണ് പ്രതിമയെന്നാണ് ഈ മേഖലയിലെ പുരാവസ്തു വകുപ്പ് ഡയറകടറായ അബ്ദു സമദ് ഖാന് പറയുന്നത്. വളരെ പഴക്കം ചെന്ന ഒന്നായിരുന്നു അതെന്നും പ്രതിമ നഷ്ടമായെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post