ലണ്ടൻ: ലോകം തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ പരീക്ഷണഫലം ഇന്ന് പുറത്തുവിടും. വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുക. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ ലോകത്തിന് അടിയന്തരമായി ആവശ്യവുമാണ്.
തുടക്കം മുതൽ കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങളിൽ മുൻപന്തിയിലായിരുന്നു ഓക്‌സ്‌ഫോർഡ് സർവകലാശാല. ബ്രസീലിൽ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ വാക്‌സിനുള്ളത്. പ്രാരംഭ ഘട്ടത്തിൽ മികച്ച ഫലങ്ങൾ കാണിച്ച ഈ വാക്‌സിൻ കൊവിഡിനെതിരെ ഫലപ്രദമാണെന്ന് ഇതുവരെയുള്ള സൂചന.
മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലിലാകും ഇന്ന് പ്രസിദ്ധീകരിച്ച് പുറത്തുവരിക. തങ്ങളുടെ വാക്‌സിൻ കൊവിഡിൽ നിന്ന് ഇരട്ട സംരക്ഷണം ഉറപ്പാക്കുമെന്നാണ് ഓക്‌സ്‌ഫോർഡ് ഗവേഷകർ അവകാശപ്പെടുന്നത്. സെപ്റ്റംബറോടെ വാക്‌സിൻ വിപണിയിൽ എത്തിയേക്കും.