വാഷിങ്ടണ്‍: ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ്. 2,59,848 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയായി.
വൈറസ് ബാധമൂലം ആറ് ലക്ഷത്തിലധികം പേരാണ് മരിച്ചത്. പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 600,345 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 80 ലക്ഷത്തോളം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 813 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 38 ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ കഴിഞ്ഞ ദിവസം 885 പേരാണ് മരിച്ചത്. ബ്രസീലില്‍ 20 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ കാല്‍ലക്ഷം കടന്നു.