വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത് അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. അമേരിക്ക ഇതുവരെ 42 മില്യണ്‍ പരിശോധനകളാണ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. ഇന്ത്യ 12 മില്യണ്‍ പരിശോധനകളാണ് നടത്തിയത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനിയാണ് മാധ്യമപ്രവര്‍ത്തകരോട് ഈ കാര്യം വെളിപ്പെടുത്തിയത്. അതേസമയം 2009ല്‍ എച്ച്1എന്‍1 വ്യാപനത്തിനിടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ ടെസ്റ്റ് വേണ്ടെന്ന നിലപാടാണ് എടുത്തതെന്നും എന്നാല്‍ ഇപ്പോല്‍ കൊവിഡ് വ്യാപനത്തിനിടെ ടെസ്റ്റ് നടത്തണമെന്ന നിലപാടാണ് ഡോണാള്‍ഡ് ട്രംപ് എടുത്തതെന്നും കെലഫ് മക്കന അവകാശപ്പെട്ടു. ജൂലൈ അവസാനത്തോടെ മൂന്നാം ഘട്ട കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ ഇതുവരെ 35 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 1,38,000 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നിരിക്കുകയാണ്. കാല്‍ലക്ഷത്തിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ലോകത്ത് ഇതുവരെ 13.6 മില്യണ്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,86,000 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.