ചൈന: സോഷ്യല്‍ മീഡിയയില്‍ സാഹസികത നിറഞ്ഞ ഫോട്ടോകളിട്ട് ലൈക്കുകള്‍ വാരിക്കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. കൂടുതല്‍ ലൈക്ക് കിട്ടാന്‍ ഇത്തരക്കാര്‍ എന്ത് സാഹസം ചെയ്തും ഫോട്ടോകളെടുക്കും. അത്തരത്തിലുള്ള ഒരു അച്ഛന്റെയും കുഞ്ഞിന്റെയും ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.
ചൈനയില്‍ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബെയ്ജിങിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിലെ അച്ഛനും കുഞ്ഞുമാണ് ചിത്രത്തിലുള്ളത്. ഒരു മലയുടെ മുകളിലേക്ക് ചുറ്റിവളഞ്ഞ് പോകുന്ന റോഡ്. മനോഹരമായ വ്യൂ പോയിന്റിലെ വളവില്‍ വച്ച് ‘ഫോട്ടോഷൂട്ട്’ നടത്തുകയാണ് യാത്രക്കാരായ കുടുംബം.
വിനോദയാത്രയുടെ മുഴുവന്‍ ഹരവും ചിത്രങ്ങളില്‍ പകര്‍ത്താനായി അല്‍പം ‘സാഹസിക’മായി ‘ഫോട്ടോഷൂട്ട്’ ചെയ്യാമെന്ന് കരുതിയാകണം പിഞ്ചുകുഞ്ഞിനെ റോഡിന് വശത്തായി കുത്തനെയുള്ള ചരിവിലേക്ക് ഇറക്കിയിരുത്തി, വെറുതെ കൈ കൊണ്ട് മാത്രം പിടിച്ച് മറ്റൊരാളെക്കൊണ്ട് ഫോട്ടോ എടുപ്പിക്കുകയാണ് പിതാവ്. സ്ഥലത്തുണ്ടായിരുന്ന മറ്റാരോ തന്റെ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഈ ദൃശ്യങ്ങളാണ് പിന്നീട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. എത്ര നിസ്സാരമായാണ് തന്റെ കുഞ്ഞിനെ വച്ച് ഇത്തരമൊരു സാഹസത്തിന് ആ പിതാവ് തയ്യാറായതെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. കേവലം ഒരു ഫോട്ടോയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവന്‍ വച്ചുകളിക്കുന്ന അച്ഛനെന്നും, ആ കുഞ്ഞിന്റെ അവസ്ഥയോര്‍ത്ത് ഭയം തോന്നുന്നുവെന്നുമെല്ലാം നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുന്നു.
ഇത്തരത്തില്‍ ഒരു സെല്‍ഫിക്കോ, ഫോട്ടോയ്ക്കോ വേണ്ടി അപകടം പിടിച്ചയിടങ്ങളില്‍ പോയി, പിന്നീട് ജീവന്‍ പോലും നഷ്ടമായ എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇത്രയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ചിലര്‍ തങ്ങളുടെ രീതികളില്‍ നിന്ന് മാറാന്‍ തയ്യാറല്ലെന്ന് തന്നെയുള്ള വാശിയിലാണ്.
Discussion about this post