വാഷിങ്ടണ്‍: ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഒരു കോടിയിലധികം പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീഴുകയും ചെയ്തു. കലിയടങ്ങാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ആഗോള സാമ്പത്തിക രംഗത്തെ പിന്നോട്ടടിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന.
ലോകത്ത് നിരവധി പേര് പട്ടിണിയിലാവും. നൂറ് ദശലക്ഷം പേര് അങ്ങേയറ്റം ദാരിദ്ര്യത്തിലേക്ക് പോകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 1870ല്‍ ഉണ്ടായിരുന്ന ആളോഹരി വരുമാനത്തിലേക്ക് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും എന്നിങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം.
വിവിധ മേഖലഖളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഈ ദുരവസ്ഥയെ മറികടക്കാന്‍ വേണ്ടതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡ് കൂടുതല്‍ രാജ്യങ്ങളില്‍ ഇനിയും നാശം വിതയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
വൈറസ് ഒന്നാം നമ്പര്‍ ശത്രുവായി തുടരുകയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ തലവന്‍ ടെഡ്രോസ് ആദാനം ഗെബ്രിയേസസ് പറഞ്ഞു. അതേസമയം ലോകത്താകമാനം കോവിഡ് രോഗികള്‍ ഒരു കോടി മുപ്പത്തി അയ്യായിരത്തിലേക്ക് അടുക്കുകയാണ്. മരണം അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലേറെ. അമേരിക്കയില്‍ അറുപതിനായിരത്തിലേറെ പേര്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.
Discussion about this post