ടോക്യോ: തീയ്യേറ്ററില്‍ എത്തിയ 20 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ് ജപ്പാന്. തീയ്യേറ്ററില്‍ 800 പേരാണ് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ ആശങ്കയ്ക്കും വഴിവെച്ചിരിക്കുന്നത്.
ഈ 800 ലധികം പേരോട് അടിയന്തരമായി സ്രവപരിശോധന നടത്താനും അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. ജപ്പാന് തലസ്ഥാനമായ ടോക്യോയില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് തീയ്യേറ്ററുമായി ബന്ധപ്പെട്ട് സമൂഹവ്യാപനത്തിന്റെ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. ടോക്യോയിലെ പ്രമുഖ വിനോദകേന്ദ്രമായ ഷിന്‍ജുകുവിലെ നൃത്തക്ലബുകളുമായി ബന്ധപ്പെട്ടും വൈറസ് ബാധ സംശയിക്കുന്നുണ്ട്.
ജൂലായ് ആദ്യം മോളിയര് തീയേറ്ററില്‍ ആറ് ദിവസം നീണ്ടുനിന്ന നാടകാവതരണം നടന്നിരുന്നു. ഈ തീയ്യേറ്ററാണ് സമൂഹവ്യാപനത്തിന്റെ പുതിയ ഉറവിടമെന്നാണ് വിലയിരുത്തല്‍. ജൂലായ് ആറിനാണ് അഭിനേതാക്കളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് 20 ഓളം പേര്‍ക്ക് തിങ്കളാഴ്ചയോടെ രോഗബാധ സ്ഥിരീകരിച്ചു.
തീയ്യേറ്ററില്‍ കാണികളായെത്തിയ 800 ഓളം പേരോട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തേടണമെന്ന് നാടക നിര്‍മ്മാണക്കമ്പനിയായ വെയര്വോള്ഫും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കാഴ്ചക്കാരുടെ എണ്ണം കൂടുതലായതിനാല്‍ സമൂഹവ്യാപനഭീഷണി കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post