കോവിഡ് വായുവിലൂടെ പകരുമെന്ന് തെളിവുകള്‍ നിരത്തി ഗവേഷകര്‍, ഒടുവില്‍ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിനുള്ള തെളിവുകളും അവര്‍ നിരത്തിയിരുന്നു. എന്നാല്‍ കോവിഡ് വൈറസ് വായുവിലൂടെ പകരില്ലെന്നായിരുന്നു നേരത്തെ ലോകാരോഗ്യ സംഘടന അറിയിച്ചത്. ഇപ്പോള്‍ ഇതിനുള്ള തെളിവുകള്‍ പുറത്തു വരുന്നതായി സമ്മതിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

കോവിഡ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മരിയ വാന്‍ കെര്‍ഖോവ് ഇക്കാര്യം പറഞ്ഞത്.

കോവിഡ് വായുവിലൂടെ പകരുമെന്നതിന്റെ തെളിവുകളെ സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഡബ്ല്യു.എച്ച്.ഒക്ക് തുറന്ന കത്തെഴുതിയിരുന്നു. ഒരു ജേണലില്‍ തിങ്കളാഴ്ച കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതുതായി ഉയര്‍ന്നു വരുന്ന തെളിവുകളുടെ വെളിച്ചത്തില്‍ ആളുകള്‍ക്കിടയില്‍ ശ്വസനരോഗങ്ങള്‍ എങ്ങനെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അപ്‌ഡേറ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് രോഗം വായുവിലൂടെ പകരുന്നതിനുള്ള തെളിവുകളുണ്ടെന്ന പഠനത്തെ ഡബ്ല്യു.എച്ച്.ഒ. അംഗീകരിക്കുന്നതായി അറിയിച്ചത്. തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം ചെറിയ തുള്ളികളിലൂടെ വായുവിലൂടെ പകരുമെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശത്തിലുള്ളത്.

എന്നാല്‍ ചെറിയ കണികകള്‍ വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍. ഗവേഷകരുടെ തെളിവുകളെ അംഗീകരിക്കുന്നുണ്ടെങ്കിലും അതിന് ഉറപ്പ് പറയാനായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും വിശകലനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് മരിയ വാന്‍ കെര്‍ഖോവ് അറിയിച്ചു.

Exit mobile version