വാഷിങ്ടൺ: ചൈനീസ് ആപ്പായ ടിക് ടോക്ക് ജീവനക്കാരോട് ഫോണിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് അയച്ച ഇമെയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണവുമായി ആമസോൺ. ടിക് ടോക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച സന്ദേശം അബദ്ധവശാൽ സംഭവിച്ചതാണെന്നും നിൽവിൽ ടിക് ടോക്ക് സംബന്ധിച്ച് ആമസോണിന്റെ പോളിസിയിൽ മാറ്റങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.
ടിക് ടോക്ക് എത്രയും പെട്ടെന്ന് ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് അമേരിക്കയിലെ ജീവനക്കാരോട് ആമസോൺ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൽ ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം. ആമസോണിന്റെ മെയിലുകൾ വരുന്ന ഫോണിൽ നിന്നും ആപ്പ് നീക്കം ചെയ്യാനാണ് നിർദേശം നൽകിയിരുന്നത്. അതേ സമയം ജീവനക്കാർക്ക് ലാപ്‌ടോപ്പിൽ നിന്നും ടിക് ടോക്ക് ഉപയോഗിക്കാം എന്നും ഇവർക്കയച്ച മെയിലിൽ പറഞ്ഞിരുന്നു. യൂറോപ്പിലെ ആമസോൺ ജീവനക്കാർക്ക് ഇത്തരമൊരു മെയിൽ കമ്പനിയിൽ നിന്നും അയച്ചിരുന്നില്ല. അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കാൻ പോകുന്നു എന്ന വാർത്തകൾക്ക് പിന്നലെയായിരുന്നു ആമസോണിന്റെ നീക്കം.
Discussion about this post