വാഷിങ്ടണ്‍: അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് മറുപടിയായി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ ലോകം ഒന്നടങ്കം ചൈനയ്‌ക്കെതിരെ വിവിധ നീക്കങ്ങള്‍ നടത്താനൊരുങ്ങുകയാണ്.
ജനപ്രിയ ആപ്പായ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നത് അമേരിക്കയും പരിഗണിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച പറഞ്ഞു. ഫോക്‌സ് ന്യൂസിന്റെ ലോറ ഇന്‍ഗ്രാമുമായുള്ള അഭിമുഖത്തിനിടെയാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, പ്രത്യേകിച്ച് ടിക് ടോക്ക് നിരോധിക്കുന്നത് അമേരിക്ക പരിഗണിക്കേണ്ടതുണ്ടോ എന്ന ഇന്‍ഗ്രാഹാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പോംപിയോ. ഞങ്ങള്‍ ഇത് വളരെ ഗൗരവമായി കാണുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കണമെങ്കില്‍ മാത്രമേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്നാണ് വാഷിങ്ടണിലെ ഉന്നത നയതന്ത്രജ്ഞന്‍ പറഞ്ഞത്. എന്നാല്‍, അമേരിക്കയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ടിക് ടോക്ക് തയാറായില്ല.
ദേശീയ സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളിലേക്ക് വ്യാപിച്ച അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്താണ് പോംപിയോയുടെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
ബെയ്ജിങ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ചൈനയുമായുള്ള ബന്ധം കാരണം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ചു ആരോപിക്കുന്നുണ്ട്.
Discussion about this post