പാരീസ്: ഇന്ധന വിലവര്‍ധനവിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വന്‍കലാപത്തിലേക്ക് നീങ്ങുന്നു. പ്രക്ഷോഭം കൂടുതല്‍ ശക്തമായാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് അറിയിച്ചു. പത്തുവര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിനാണ് പാരീസും ലിയോണും അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ വേദിയാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുവരെ കലാപത്തില്‍ 133 പേര്‍ക്ക് പരുക്കേല്‍ക്കുകയും 412 പേരെ അറസ്റ്റ് ചെയ്തതായും ഫ്രഞ്ച് പോലീസ് അറിയിച്ചു. ജീവിതച്ചെലവും ഇന്ധനവിലയും വര്‍ധിച്ചതിനെതിരെ രണ്ടാഴ്ച്ച മുന്‍പാണ് ഫ്രാന്‍സില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നത്. സമാധാനപരമായി നടന്ന പ്രക്ഷോഭം പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു. യെല്ലോ വെസ്റ്റ് മൂവ്മെന്റാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. തീവ്ര ഇടത് പക്ഷമാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ബിഎഫ്എം ടിവിയോട് പറഞ്ഞു.
ശനിയാഴ്ച്ച നടന്ന സംഘര്‍ഷത്തില്‍ 23 പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ ഫ്രാന്‍സില്‍ പ്രതിഷേധക്കാര്‍ റോഡുകളെല്ലാം ഉപരോധിച്ചിരിക്കുകയാണ്. പ്രക്ഷോഭം ഇതുപോലെ ശക്തമായി തുടരുകയാണങ്കില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമെന്നും പറഞ്ഞു. ഇന്ധന വിലവര്‍ധനവിനെതിരെ നവംബര്‍ 17നാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. പ്രക്ഷോഭം തണുപ്പിക്കുന്നതിനായി ഫ്രഞ്ച് ഗവണ്‍മെന്റ് രാജ്യത്തുടനീളം ഷോപ്പിങ് മാളുകളും പെട്രോള്‍ പമ്പുകളും ഉപരോധിച്ചിരിക്കുകയാണ്.
അതേ സമയം, സമാധാനപരമായി സമരം നയിക്കുന്നവരുമായി ചര്‍ച്ച നടത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സ്ഥിതിഗതി നിയന്ത്രിക്കാന്‍ അടിയന്തരാവസ്ഥയടക്കം ചുമത്തുന്നത് ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് ബഞ്ചമിന്‍ ഗ്രീവക്‌സ് അറിയിച്ചു.
Discussion about this post