അലബാമ: കൊവിഡ് ഭീതിയില്‍ ലോക രാജ്യങ്ങള്‍ വിറച്ച് നില്ക്കുമ്പോള് കൊറോണ രോഗം ആഘോഷമാക്കി അമേരിക്കയിലെ ഒരു സംഘം യുവാക്കള്‍. ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ എന്ന പേരില്‍ ഇവര്‍ അമേരിക്കയില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയാണ്. ആഘോഷപരിപാടികളില്‍ പങ്കെടുത്ത് കൊവിഡ് ബാധിക്കുന്നവര്‍ക്ക് പണമടക്കമുള്ളവ സമ്മാനമായി നല്‍കും. അമേരിക്കയിലെ അലബാമയില്‍ നിന്നുള്ള യുവാക്കളാണ് അപകടകരമായ ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ സംഘടിപ്പിക്കുന്നത്.
കൊവിഡ് രോഗം ബാധിച്ചവരെ യുവാക്കള്‍ പ്രത്യേകമായി തന്നെ ആഘോഷ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയ്യുന്നതാണ് രീതി. യുവാക്കള്‍ ഒരു കുടത്തില്‍ പണം നിറച്ച് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നയാള്‍ക്ക് ആ തുക നല്‍കും.
ഇത്തരത്തില്‍ നിരവധി പാര്‍ട്ടികള്‍ കഴിഞ്ഞ ആഴ്ചകളിലായി അലബാമയില്‍ നടന്നുവെന്നാണ് വിവരം.
‘ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്, ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ നടത്താതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ടസ്കലൂസയിലെ കൗണ്‍സിലര്‍ സൊന്യ മകിന്‍സ്ട്രി പറഞ്ഞു. അതെസമയം കൊറോണ വൈറസ് പാര്‍ട്ടികള്‍ നടത്തിയ യുവാക്കള്‍ക്കെതിരെ ഇത് വരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
അലബാമയില്‍ ഇത് വരെ 39000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1000 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ രോഗ വ്യാപനം ശക്തമായി കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ജീവന് തന്നെ നഷ്ടപ്പെട്ടെക്കാവുന്ന തരത്തിലുള്ള വിചിത്രമായ പാര്‍ട്ടികള്‍ യുവാക്കള്‍ സംഘടിപ്പിക്കുന്നത്.
Discussion about this post