ലണ്ടന്‍: 89ാം വയസ്സില്‍ വീണ്ടും പിതാവായി ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണ്‍. കഴിഞ്ഞ ദിവസമാണ് ബെര്‍ണി എക്ലസ്റ്റോണിന്റെ ഭാര്യ നാല്പത്തിനാലുകാരി ഫാബിയാന ഫ്ലോസി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍ലേക്കനിലാണ് ഫ്ലോസി കുഞ്ഞിന് ജന്മം നല്‍കിയത്. കോടീശ്വരനായ ബെര്‍ണിയുടെ ആദ്യത്തെ ആണ്‍കുഞ്ഞും മൂന്നാം ഭാര്യയായ ഫാബിയാന ഫ്ലോസിയില് പിറക്കുന്ന ആദ്യ കുഞ്ഞുമാണിത്. കുഞ്ഞിന് എയ്സ് എന്ന് പേരിട്ടതായി എക്ലസ്റ്റോണിന്റെ വക്താവ് വ്യക്തമാക്കി.
ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി ബെര്‍ണിക്ക് മൂന്നു പെണ്മക്കളാണുള്ളത്. ആദ്യ ഭാര്യ ഇവി ബാംഫോര്‍ഡില്‍ ജനിച്ച മൂത്ത മകള്‍ ദെബോറയ്ക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചില്‍ ജനിച്ച മുപ്പത്താറുകാരിയായ ടമാര, മുപ്പത്തൊന്നുകാരി പെട്ര എന്നിവരാണ് ബെര്‍ണിയുടെ മറ്റു മക്കള്‍.
ഈ മൂന്നു പേരിലുമായി ബെര്‍ണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളില്‍ ഒരാള്‍ക്കു കൂടി കുഞ്ഞു ജനിച്ചതോടെ സന്തതി പരമ്പരയില്‍ നാലു തലമുറകളായി. രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം 2012 ലാണ് ബെര്‍ണി ഫാബിയാന ഫ്ലോസിയെ വിവാഹം ചെയ്തത്.
Discussion about this post