കോവിഡ് വൈറസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഉള്ളില്‍ ഭയം കൊണ്ട് നിറയും. എന്നാല്‍ ആരോഗ്യമുള്ള സാധാരണക്കാരില്‍ കോവിഡ്19 ജലദോഷപ്പനിയെക്കാള്‍ പേടിക്കേണ്ട ഒന്നല്ലെന്ന് വ്യക്തമാക്കുകയാണ് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ തിയററ്റിക്കല്‍ എപ്പിഡമോളജി പ്രഫസര്‍ സുനേത്ര ഗുപ്ത.
കോവിഡിനെ പ്രതിരോധിക്കാന്‍ ഇതുവരെ വാക്‌സിന്‍ കണ്ടെത്താതാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ ഇതുവരെ കഴിയാത്തതിന്റെ കാരണം. എന്നാല്‍ നമ്മളില്‍ പലര്‍ക്കും കോവിഡ്-19 നെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ തന്നെ വേണ്ടി വരില്ലെന്ന് സുനേത്ര ഗുപ്ത വ്യക്തമാക്കുന്നു.
ഈ മഹാമാരി സ്വാഭാവികമായി അവസാനിക്കുകയോ, ജലദോഷപ്പനി പോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയോ ചെയ്യും. കൊറോണ വൈറസിനെതിരെ ലോക്ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്ന് വാദിച്ച പ്രഫസര്‍ സുനേത്ര ”പ്രഫസര്‍ റീഓപ്പണ്‍” എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജലദോഷപ്പനിയേക്കാള്‍ പേടിക്കേണ്ട ഒന്നല്ല കോവിഡ്. പ്രായമുള്ളവരോ മറ്റ് രോഗങ്ങളുള്ളവരോ ഒഴിച്ച് ആരോഗ്യമുള്ള സാധാരണക്കാരില്‍ കോവിഡ്19 വലിയ രീതിയില്‍ ബാധിക്കില്ലെന്നും കോവിഡ് വാക്‌സിന്‍ വൈകാതെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനേത്ര ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണ്‍ മഹത്തായതും വിവേകപൂര്‍ണമായതുമായ ആശയമാണെങ്കിലും അതു കൊണ്ടു മാത്രം വൈറസിനെ തടഞ്ഞു നിര്‍ത്താനാകുമെന്ന് കരുതുന്നില്ലെന്നും പ്രഫസര്‍ സുനേത്ര പറഞ്ഞു. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കിയ രാജ്യങ്ങളില്‍ പോലും കൊറോണവീണ്ടും തലപൊക്കിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ജനിച്ച പ്രഫസര്‍ സുനേത്ര ഗുപ്ത നോവലിസ്റ്റും സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും കൂടിയാണ്.