ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലേനയും കൊവിഡ് മുക്തരായി. രോഗബാധ സ്ഥിരീകരിച്ച് 10-ാം ദിവസം നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഫലം നെഗറ്റീവ് ആയത്. സെര്‍ബിയന്‍ താരത്തിന്റെ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച ബെല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരും നെഗറ്റീവായത്.
രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ജോക്കോവിച്ചും ഭാര്യയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസമായി സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ വീട്ടിലെ ഐസോലേഷനില്‍ കഴിയുകയായിരുന്നു. ബാള്‍ക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഡ്രിയ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നാണ് ജോക്കോവിച്ചിന് വൈറസ് ബാധയേറ്റത്. സമ്പര്‍ക്കത്തിലൂടെ ജോക്കോവിച്ചിന്റെ ഭാര്യയ്ക്കും രോഗം പടരുകയായിരുന്നു. അതേസമയം, ഇരുവരുടേയും കുഞ്ഞുങ്ങളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
ജോക്കോവിച്ച് ഉള്‍പ്പെടെ ബെല്‍ഗ്രേഡിലും സദറിലുമായി നടന്ന പ്രദര്‍ശന ടൂര്‍ണമെന്റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയസിക്കി എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ജോക്കോവിച്ചിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post