ഇസ്ലാമാബാദ്: ഭാര്യക്കും പെണ്‍മക്കള്‍ക്കും കോവിഡ് നെഗറ്റീവായതില്‍ സന്തോഷം പങ്കുവെച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഭാര്യ നദിയ അഫ്രീദി, പെണ്‍മക്കളായ അഖ്‌സ, അന്‍ഷ എന്നിവര്‍ക്കാണ് തുടര്‍ പരിശോധനയില്‍ നെഗറ്റീവായി തെളിഞ്ഞത്.
അഫ്രീദി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഏറ്റവും പുതിയ പരിശോധനയിലാണ് ഭാര്യക്കും പെണ്‍മക്കള്‍ക്കും നെഗറ്റീവായതെന്ന് അഫ്രീദി ഫേസ്ബുക്കിലൂടെ പറഞ്ഞു.
ജൂണ്‍ 13നാണ് ഷാഹിദ് അഫ്രീദിക്ക് കോവിഡ് പോസിറ്റീവായതായി പരിശോധനാഫലം വന്നത്. തന്നെ കോവിഡ് പിടികൂടിയ വിവരം താരം തന്നെയാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. ജൂണ്‍ 11 മുതല്‍ ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നവെന്നും പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞുവെന്നും അഫ്രീദി ട്വിറ്ററിലൂടെ പറഞ്ഞു.
കോവിഡ് വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണമെന്നും അഫ്രീദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഭാര്യയുടെയും മക്കളുടെയും കോവിഡ് പരിശോധന നടന്നത്. ഇവര്‍ക്കെല്ലാം കോവിഡ് പോസ്റ്റീവായി. എന്നാല്‍ പിന്നീട് ലഭിച്ച രണ്ടാമത്തെ പരിശോധനഫലം നെഗറ്റീവായിരുന്നു
ടെസ്റ്റ് നെഗറ്റീവായതില്‍ സന്തോഷം പ്രകടിപ്പിച്ചും നന്ദി അറിയിച്ചും ഷാഹിദ് അഫ്രീദി ഫേസ്ബുക്കിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചു. മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച അഫ്രീദി ഇത് പോലെയൊരു നിമിഷം നഷ്ടപ്പെടുന്നതായും കുറിച്ചു. പാകിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.