ലണ്ടന്‍: ‘ഫെയര്‍ ആന്‍ഡ് ലവ്ലി’യ്ക്ക് പിന്നാലെ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ലോറിയല്‍ ഉത്പന്നങ്ങളും വൈറ്റ്, ഫെയര്‍, ലൈറ്റ് എന്നീ വാക്കുകള്‍ പിന്‍വലിക്കുന്നു.
യൂണിലിവറിന്റെ ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ ഉത്പന്നങ്ങളിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി കഴിഞ്ഞ ദിവസം തീരുമാനിച്ചതിന് പിന്നാലെയാണ് ലോറിയലും തീരുമാനവുമായി രംഗത്തെത്തിയത്.
ഇരുണ്ട തൊലി നിറമുള്ളവരെ നെഗറ്റീവായി ചിത്രീകരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കമ്പനികളുടെ തീരുമാനം. തൊലി വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ വില്‍പ്പന ഈ മാസത്തോടെ നിറുത്തുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയും അറിയിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ആരംഭിച്ച വര്‍ണവിവേചനത്തിനെതിരായ ‘ബ്‌ളാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫെയര്‍ ആന്റ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാന്‍ യൂണിലിവര്‍ കമ്പനി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.
യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ. വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ആലോചിക്കുന്നത്.
സ്‌കിന്‍ ലൈറ്റനിങ്ങ്, സ്‌കിന്‍ വൈറ്റനിങ് എന്ന വാക്കുകള്‍ക്ക് പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ കമ്പനിയില്‍ നടക്കുന്നുണ്ട്.