ഡോഡോമ: ടാൻസാനിയയിലെ ഖനിയിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളി ഒരൊറ്റ ദിവസത്തെ അധ്വാനം കൊണ്ട് സ്വന്തമാക്കിയത് 25 കോടിയോളം രൂപ! ഒരു ദിനം ഇരുട്ടിവെളുത്തപ്പോൾ ഈ സാധാരണക്കാരന്റെ തലവര തന്നെ മാറ്റിയത് ആ ഇരുണ്ട വയലറ്റ് നീല നിറങ്ങളിലുള്ള രത്നക്കല്ലുകളാണ്. ഖനിയിൽ നിന്നും സനിനിയു ലൈസർ എന്ന സാധാരണക്കാരനായ ഖനിത്തൊഴിലാളിയാണ് രണ്ട് വലിയ രത്നക്കല്ലുകൾ കണ്ടെത്തുകയും സർക്കാരിന് കൈമാറി പ്രതിഫലമായി കോടികൾ കൈപ്പറ്റുകയും ചെയ്തിരിക്കുന്നത്.
താൻ കണ്ടെത്തിയ രത്നക്കല്ലുകൾ സർക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാൻസാനിയൻ ഷില്ലിങ് ( ഏകദേശം 25 കോടിയോളം രൂപ) ആണ് സർക്കാർ പ്രതിഫലമായി കൈമാറിയത്. ടാൻസാനിയയിൽ ഇതുവരെ കണ്ടെത്തിയവയിൽ വെച്ച് ഏറ്റവും വലിയ അപൂർവ രത്നക്കല്ലുകളാണ് ഇവ. ടാൻസാനിയയുടെ വടക്കൻ പ്രദേശത്തുള്ള ഖനികളിലൊന്നിൽ നിന്നാണ് ഈ രത്നക്കല്ലുകൾ കണ്ടെത്തിയത്. ആദ്യത്തെ രത്നക്കല്ലിന് 9.27 കിലോയും രണ്ടാമത്തേതിന് 5.10 കിലോയുമാണ് ഭാരം. ടാൻസാനിയയിലെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂർവ രത്നക്കല്ലുകളായ ഇവയെ ടാൻസാനൈറ്റ് രത്നങ്ങളെന്നാണ് വിളിക്കുന്നത്.
ഈ രാജ്യത്ത് രത്നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ രത്നക്കല്ലുകൾ എന്നാണ് ഖനനമന്ത്രാലയം ഇതേപ്പറ്റി പ്രതികരിച്ചത്. ലൈസറിൽനിന്ന് ബാങ്ക് ഓഫ് ടാൻസാനിയ രത്നക്കല്ലുകൾ വാങ്ങുകയും ചെക്ക് കൈമാറുന്നതിന്റെയും തത്സമയ സംപ്രേഷണം ടാൻസാനിയൻ ടെലിവിഷനിൽ നടന്നു. പണം കൈമാറുന്ന ചടങ്ങിനിടെ ടാൻസാനിയൻ പ്രസിഡന്റ് ജോൺ മാഗുഫുലി ലൈസറിനെ ഫോണിൽ വിളിക്കുകയും ചെയ്തു. ലൈസറിനേപ്പോലുള്ള സാധാരണക്കാരായ ഖനിത്തൊഴിലാളികൾക്ക് അവർ കണ്ടെത്തുന്ന രത്നം സർക്കാരിന് വിൽക്കാൻ അനുവാദം നൽകുന്ന തരത്തിൽ ടാൻസാനിയയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയിരുന്നു.