ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്സുനാരോയോട് മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്കി കോടതി. ബൊല്‍സൊനാരോ മാസ്ക് ധരിക്കാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.
തലസ്ഥാന നഗരത്തിലെ ഫെഡറല്‍ കോടതി ജഡ്ജി റെനോറ്റോ കൊല്ഹൊ ബൊറെലി ആണ് ഉത്തരവിട്ടത്. ആരും നിയമ സംവിധാനത്തിന് മുകളിലല്ലെന്നും മറ്റുള്ളവരുടെ സുരക്ഷയ്ക്കും സ്വന്തം സുരക്ഷയ്ക്കും ഭീഷണി ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ അനുസരിച്ചില്ലെങ്കില്‍ ദിവസേന പിഴ നല്‍കേണ്ടി വരുമെന്നും ജഡ്ജി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
‘മാസ്ക് ധരിക്കാതെ ബ്രസീലിയയിലും സമീപപ്രദേശങ്ങളിലും പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ ഒരു ഗൂഗിള്‍ സെര്‍ച്ചിലൂടെ കിട്ടും,’ ജഡ്ജ് പറഞ്ഞു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. ഒപ്പം ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും പ്രതിരോധിക്കാനും പൂര്‍ത്തീകരിക്കാനുമുള്ള പ്രസിഡന്റ് സ്ഥാനത്തേറുമ്പോഴുമുള്ള സത്യപ്രതിജ്ഞ ജഡ്ജി പരാമര്‍ശിക്കുകയും ചെയ്തു. ‘ റിപ്പബ്ലിക്കിന്റെ ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും അതീതമായി ആരും, എക്സിക്യൂട്ടീവ് തലവന്‍ പോലും ഇല്ല,’ ജഡ്ജി കൂട്ടിച്ചേര്‍ത്തു.
Discussion about this post