ബഗ്ദാദ്: ഇറാഖ് ഫുട്ബോള്‍ ഇതിഹാസതാരം അഹമ്മദ് റാദി(56) കോവിഡ് ബാധിച്ച് മരിച്ചു. ഫിഫ ലോകകപ്പിലെ ഇറാഖിന്റെ ഏക ഗോളിന്റെ ഉടമയായിരുന്നു റാദി.
1982 മുതല്‍ 1997 വരെ ഇറാഖ് ദേശീയ ടീമിന്റെ ആക്രമണത്തെ നയിച്ച റാദി, രാജ്യത്തിന്റെ ഏറ്റവുമേറെ ആഘോഷിക്കപ്പെട്ട ഫുട്ബോളറായിരുന്നു.
1986 മെക്സികോ ലോകകപ്പിന്റെ ഗ്രൂപ് റൗണ്ടില്‍ ബെല്‍ജിയത്തിനെതിരെയായിരുന്നു റാദി ഗോള്‍ നേടിയത്. മത്സരത്തില്‍ 2-1ന് തോറ്റെങ്കിലും ഇറാഖിന്റെ ലോകകപ്പിലെ ഏകഗോളായി മാറി.
1984, 1988 ഗള്‍ഫ് കപ്പില്‍ ഇറാഖിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റാദി, 1988ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടു.
അല്‍ റഷീദ്, അല്‍ സവ്റ, വഖ്റ ക്ലബുകള്‍ക്കായി 17 വര്‍ഷം കളിച്ച റാദി അഞ്ചു തവണ ഇറാഖ് ലീഗ് കിരീടം ചൂടി. രാജ്യത്തിനായി 121 മത്സരങ്ങളില്‍ 62 ഗോളടിച്ചു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബഗ്ദാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് ജോര്‍ഡനിലേക്കു പുറപ്പെടാനിരിക്കെ രോഗം ഗുരുതരമായി മരിക്കുകയായിരുന്നു.
Discussion about this post