വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതിനാല്‍ പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘യുഎസ് നിലവില്‍ 25 ദശലക്ഷത്തോളം ആളുകളില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. നിങ്ങള്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്താനാകും. അത് കൊണ്ട് എന്റെ ആളുകളോട് പരിശോധന മന്ദഗതിയിലാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്’ ട്രംപ് പറഞ്ഞു.
തുള്‍സ അറീനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കോവിഡ് വൈറസിനെ താന്‍ കുങ് ഫ്‌ളു എന്ന് വിളിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കോവിഡിനെ കുങ് ഫ്‌ളൂ എന്ന് ട്രംപ് വിളിച്ചത്.
തനിക്ക് കോവിഡ് വൈറസിനെ കുങ് ഫ്‌ളു എന്ന് വിളിക്കാം. തനിക്ക് 19 വ്യത്യസ്ത പേരുകള്‍ നല്‍കാന്‍ കഴിയും. നിരവധി ആളുകള്‍ ഇതിനെ വൈറസ് എന്നുവിളിക്കുന്നു. കുറച്ചാളുകള്‍ ഫ്‌ളു എന്നും വിളിക്കുന്നുവെന്നും എന്താണ് വ്യത്യാസമെന്നും ട്രംപ് ചോദിച്ചു. നേരത്തെ കൊറോണ വൈറസിനെ ചൈനാ വൈറസ് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.