ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാലരലക്ഷം കവിഞ്ഞു. അമേരിക്കയില്‍ മാത്രം വൈറസ് ബാധമൂലം ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് മരിച്ചത്. ബ്രസീലില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 47,000 കടന്നു.
അതേസമയം ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 86 ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം പുതുതായി 691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ പുതുതായി 1204 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാക്കിസ്താനിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 1,60,000ത്തിലധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം ഈ വര്‍ഷം അവസാനത്തിന് മുമ്പ് കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. ജനീവയില്‍ കൊവിഡ് മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥന്‍ ഇക്കാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.