വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 83 ലക്ഷം കവിഞ്ഞു. ഇതുവരെ 8,391,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി451,263 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം ബ്രസീലില്‍ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 37,278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,34,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,338 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 45,000ത്തിലധികം പേരാണ് വൈറസ് ബാധമൂലം ബ്രസീലില്‍ മരിച്ചത്.
കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ കഴിഞ്ഞ ദിവസം 849 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി 19,000 കവിഞ്ഞു. 22 ലക്ഷത്തി 25,000ത്തിലധികം പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ന്യൂയോര്‍ക്കില്‍ ഇന്നലെ മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും റെക്കോഡ് കുറവാണ് രേഖപ്പെടുത്തിയത്. 17 പേര് മാത്രമാണ് കഴിഞ്ഞ ദിവസം ഇവിടെ മരിച്ചതെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
ബ്രിട്ടണില്‍ 1,279 പേര്‍ക്കും റഷ്യയില്‍ 8,248 പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 2 ലക്ഷം കവിഞ്ഞതോടെ ചിലി ലോക്ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കി. പുതുക്കിയ നിയമ പ്രകാരം ചിലിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
Discussion about this post