ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ വീണ്ടും കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ബുധനാഴ്ച പുതുതായി 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 137 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ബെയ്ജിങ്ങില്‍ നിന്നുള്ള 1200 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ബെയ്ജിങ്ങില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ 70 ശതമാനത്തോളം വരും ഇത്.
ഇതിനു പുറമെ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്ജിങ്ങില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ഭക്ഷണ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. ഇത് വൈറസിന്റെ രണ്ടാം തരംഗമാണെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്.
വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെയ്ജിങ്ങില്‍നിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റു പ്രവിശ്യകളില്‍ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ 11 മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ ഭക്ഷണ വില്‍പനശാലകള്‍ അധികൃതര്‍ അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്.