ലണ്ടന്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ് ലോകം. പ്രതിരോധ മരുന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതാണ് രോഗികളുടെ എണ്ണം പെരുകാന്‍ കാരണമായത്. എന്നാല്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരാവായിരിക്കുകയാണ് ഡെക്‌സാമെത്തസോണ്‍.
കൊറോണ രോഗം ഭേദമാക്കുന്നതില്‍ വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തി. രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
കുറഞ്ഞ അളവിലുള്ള ഡെക്‌സാമെത്തസോണ്‍ കൊറോണ ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നല്കാം.
ഈ മരുന്ന് രോഗികളുടെ ജീവന്‍ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നും പഠനത്തിന് നേതൃത്വം നല്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു. 2,104 രോഗികള്‍ക്ക് മരുന്ന് നല്കുകയും മരുന്ന് നല്കാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്‌സിജന്‍ മാത്രം നല്കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു. രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.