സ്വീഡൻ: ഇന്ത്യയുടെ സൈനിക-ആയുധ ശക്തിയെ കുറിച്ചുള്ള വീമ്പ് പറച്ചിലുകൾ കേന്ദ്ര സർക്കാരിന് തത്കാലത്തേക്ക് നിർത്താം. ആണവായുധങ്ങൾ ഏറ്റവും കൂടുതൽ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളിൽ ചൈനയ്ക്കും പാകിസ്താനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് കണക്കുകൾ. ആയുധശേഖരവും സംഘട്ടനവും സംബന്ധിച്ചുള്ള പഠനവിഭാഗമായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) ഇയർബുക്കിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
320 ആണവായുധങ്ങളാണ് ചൈനീസ് ശേഖരത്തിൽ ഉള്ളത്. പാകിസ്താനിൽ 160 ഉം ഇന്ത്യയ്ക്ക് 150 ഉം ആണ് സ്വന്തമായുള്ള ആണവായുധങ്ങളുടെ എണ്ണം. 2020 ജനുവരി വരെ ഉള്ള കണക്കുകളാണിത്. 2019 ഏപ്രിലിൽ പുറത്തിറക്കിയ റിപ്പോർട്ടിലും ആണവായുധശേഖരത്തിന്റെ കാര്യത്തിൽ ചൈനയും പാകിസ്താനും ഇന്ത്യയേക്കാൾ മുന്നിലായിരുന്നു. 290 ആയിരുന്നു ചൈനയിലെ 2019 ലെ ആണവായുധ ശേഖരം. ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിർത്തിയിൽ സൈനിക തർക്കം നിലനിൽക്കെയാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
ചൈന സൈനിക ശക്തിയിൽ വളരെ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും സൈനിക ശക്തിയിലെ പ്രധാന ഘടകമായ ന്യൂക്ലിയർ ട്രയാഡ് ആദ്യമായി ചൈന സ്വന്തമാക്കി എന്നുമാണ് എസ്ഐപിആർഐ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ന്യൂക്ലിയർ മിസൈലുകൾ, മിസൈൽ സായുധ അന്തർവാഹിനി, ന്യൂക്ലിയാർ ബോംബുകളും മിസൈലുകളും ഉള്ള വിമാനങ്ങൾ എന്നിവ ഉൾപ്പെട്ട ത്രിമുഖ സൈനിക ശക്തി ഘടനയാണ് ന്യൂക്ലിയർ ട്രയാഡ്.
അതേസമയം, 6375 ആണ് റഷ്യയുടെ ആണവായുധ ശേഖരം. 5800 ആണ് അമേരിക്കയുടെ ശേഖരം. ആഗോള ആണവ ശേഖരത്തിന്റെ 90 ശതമാനവും കൈവശം വച്ചിരിക്കുന്നത് അമേരിക്കയും റഷ്യയും ആണ്.