വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 7,731,662 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 140,917 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 428,210 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
കഴിഞ്ഞ ദിവസവും യുഎസിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ ഇതുവരെ 2,116,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116825 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത് 27,221 പേര്‍ക്കാണ്. 791 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്.
ബ്രസീലില്‍ കഴിഞ്ഞ ദിവസം പുതുതായി 24,253 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 829,902 ആയി ഉയര്‍ന്നു. ഇവിടെ ഇതുവരെ 41,901 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. അതേസമയം സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ ശമനമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ ദിവസം സ്പെയിനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 502 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
Discussion about this post