വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 75,83,521 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 4,23,082 പേരാണ് മരിച്ചത്. ലോകത്ത് ഇതുവരെ 38,33,166 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ വെറും 14 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ ആണെങ്കില്‍ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. അതേസമയം ഔദ്യോഗികമായി സര്‍ക്കാരിന്റെ കണക്ക് ഒമ്പത് മണിയോടെ മാത്രമേ പുറത്തുവിടൂകയുള്ളൂ.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുപ്രകാരം ബ്രിട്ടനില്‍ ഇതുവരെ 2,91,409 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്ക (20.7 ലക്ഷം), ബ്രസീല്‍ (7.75 ലക്ഷം), റഷ്യ (5.02 ലക്ഷം) എന്നിവയാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങള്‍. റഷ്യയില്‍ പുതുതായി 8779 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ തുടര്‍ച്ചയായി ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത് 30,000 ലധികം കൊവിഡ് കേസുകളാണ്. അമേരിക്കയില്‍ 23,000 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. പാകിസ്താന് (5834), മെക്സിക്കോ (4883), ബംഗ്ലാദേശ് (3187), ഇറാന് (2218) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.
Discussion about this post