ബോസ്റ്റൺ: കൊവിഡ് രോഗം ആരംഭിച്ചതിനെ കുറിച്ച് ചൈന പറഞ്ഞത് ഉൾപ്പടെയുള്ള കാര്യങ്ങൾ പച്ചക്കള്ളമെന്ന് അമേരിക്കൻ ഗവേഷകരുടെ നിരീക്ഷണം. ഹാർവഡ് മെഡിക്കൽ സ്കൂൾ ഗവേഷകരാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തേയും വ്യാപനത്തേയും സംബന്ധിച്ച് ചൈന പുറത്തുവിടുന്ന വിവരങ്ങൾ കള്ളമാണെന്ന് പഠന റിപ്പോർട്ടിലൂടെ വിശദീകരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിൽ കൊറോണ വൈറസിനെ കണ്ടെത്തിയെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാൽ അതിനു മാസങ്ങൾക്കു മുൻപേ കൊവിഡ്19നു സമാനമായ ലക്ഷണങ്ങൾ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞുവെന്നും ഡോ. ജോൺ ബ്രൗൺസ്റ്റെയ്ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെ റിപ്പോർട്ട് പറയുന്നു.
കൊവിഡ് രോഗത്തിന് കാരണമാകുന്ന വൈറസ് വുഹാനിൽ അന്നുതൊട്ടേയുണ്ടായിരുന്നുവെന്ന അനുമാനമാണ് പുതിയ പഠന റിപ്പോർട്ട് നൽകുന്നതെന്ന് എബിപി ന്യൂസ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബറിലാണ് ചൈനയിൽ ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത് എന്ന ചൈനയുടെ വാദത്തെ അമേരിക്കൻ ഗവേഷകർ ഖണ്ഡിക്കുന്നത് ഉപഗ്രഹ ചിത്രങ്ങൾ ഉയർത്തിക്കാണിച്ചാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വുഹാനിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ ഓഗസ്റ്റ് മുതൽ തിരക്കനുഭവപ്പെട്ടിരുന്നു എന്നും ഇവർ നിരീക്ഷിക്കുന്നു.
ചൈനയിൽ കൊറോണ വൈറസിന്റെ ഉത്ഭവം ഇതുപ്രകാരം ഡിസംബറിൽ അല്ല, അതിനും മാസങ്ങൾക്ക് മുമ്പേ തന്നെ ആയിരുന്നെന്നാണ് നിഗമനം. 2019 ഓഗസ്റ്റിൽ ചൈനയിലെ വുഹാനിലുള്ള ആശുപത്രികൾക്കു മുന്നിൽ വലിയ തോതിൽ ഗതാഗതം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
വുഹാനിലെ പ്രധാനപ്പെട്ട അഞ്ച് ആശുപത്രികൾക്കു മുന്നിലാണ് ഉയർന്ന തോതിലുള്ള ഗതാഗതം കാണാനിടയായത്. ഓഗസ്റ്റിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സാമൂഹികപരമായി എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നു ഇതിൽനിന്നു വ്യക്തമാണെന്ന് ഡോ. ജോൺ ബ്രൗൺസ്റ്റെയ്ൻ പറയുന്നു.
സ്വകാര്യ ഉപഗ്രഹങ്ങളിൽനിന്ന് ഉള്ളവയുൾപ്പെടെ 350 ചിത്രങ്ങളിൽനിന്നാണ് ഗവേഷകസംഘം ഈ അനുമാനത്തിലെത്തിയത്. കൃത്യമായി പഠനവിധേയമാക്കിയത് 108 ചിത്രങ്ങളും. തെളിമയാർന്ന ഈ ചിത്രങ്ങൾ ഉച്ചസമയത്തേതാണെന്നും ഇതിനാൽത്തന്നെ കാറുകൾ കൃത്യമായി എണ്ണാൻ കഴിഞ്ഞെന്നും ബ്രൗൺസ്റ്റെയ്ൻ പറയുന്നു.
Discussion about this post