ലണ്ടന്‍: വളര്‍ത്തു പൂച്ചകളില്‍ നിന്നും കോവിഡ് പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വെറ്ററിനറി ശാസ്ത്രഞ്ജര്‍. പൂച്ചകളുടെ രോമങ്ങളില്‍ വൈറസിന് നില്ക്കാന് സാധിക്കുമെന്നും ഇവയെ സ്പര്‍ശിക്കുന്നതിലൂടെ ഇത് കൈമാറ്റം ചെയ്യപ്പെടുമെന്നും ബ്രിട്ടീഷ് വെറ്ററിനറി അസോസിയേഷന് (ബിവിഎ) പ്രസിഡന്റ് ഡാനിയല്ല ഡോസ് സാന്റോസ് പറഞ്ഞു.
ടേബിള്‍, ഡോര്നോബ് പോലുള്ള പ്രതലങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കില്‍ പൂച്ചകള്‍ അത് സ്വീകരിക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. വളര്‍ത്തു മൃഗങ്ങള്‍ ഉടമകള്‍ക്ക് രോഗം പകര്‍ന്നു നല്‍കിയതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
എന്നാല്‍, മനുഷ്യനില്‍ നിന്ന് വളര്‍ത്തു മൃഗങ്ങള്‍ക്ക് രോഗം പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, വളര്‍ത്തുപൂച്ചകളില്‍ രോഗം ബാധിച്ചതായി ക്ലിനിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും വീട്ടില്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുമ്പോള്‍ വളര്‍ത്തു പൂച്ചകളെ പുറത്തുവിടാതെ വീട്ടില്‍ സൂക്ഷിക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ ഉടമകള്‍ കൈകള്‍ അണുവിമുക്തമാക്കുന്നത് ശീലമാക്കണമെന്നും ബിവിഎ വ്യക്തമാക്കി.
അതേസമയം, വളര്‍ത്തു മൃഗങ്ങളില്‍ രോഗം ബാധിച്ചതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന് (എവിഎംഎ). വൈറസിനെ കുറിച്ച് കൂടുതലായി അറിയുന്നത് വരെ കോവിഡ് ബാധിതര്‍ വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും അവര്‍ വിശദീകരിച്ചു.
Discussion about this post