വെല്ലിംഗ്ടണ്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്ന പദ്ധതിയുമായി ന്യൂസിലാന്റ് സര്‍ക്കാര്‍. വിദ്യാര്‍ഥിനികള്‍ക്ക് നാപ്കിന്‍ സൗജന്യമായി നല്‍കുമെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു.
പീരിയഡ് സമയത്ത് സാനിറ്ററി നാപ്കിനുകളും ടാംപണുകളും വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ക്ക് അവധിയെടുക്കേണ്ടി വരാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ചിലവ് വഹിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ന്യൂസിലാന്റിലെ നോര്‍ത്ത് ഐലന്റ് ഭാഗത്തെ വെയ്കാറ്റോ മേഖലയിലെ 15 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഈ വര്‍ഷം മൂന്നാം പാദം മുതല്‍ തന്നെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാകും. 2021ഓടെ രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഒമ്പത് വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളില്‍ 95,000ത്തിലേറെ പേര്‍ക്ക് മാസമുറ സമയത്ത് നാപ്കിനുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ സാധിക്കാത്തതായി വന്നു. സാനിറ്ററി പാഡുകള്‍ സൗജന്യമാക്കുന്നതോടെ ഈ കുട്ടികള്‍ സ്‌കൂളുകളിലെത്തുമെന്ന് ഉറപ്പിക്കാനാകുമെന്നും ജസിന്‍ഡ പറഞ്ഞു.