ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കുന്നത് നീളുന്നു. മല്യയെ കൈമാറുന്നതിന് ഇനിയും നിയമ പ്രശ്‌നങ്ങളുണ്ടെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കുന്നത്.
നിയമപ്രശ്നങ്ങള്‍ പരിഹരിക്കാതെ മല്യയെ കൈമാറില്ല. അതേസമയം, നിയമപ്രശ്നങ്ങള്‍ രഹസ്യാത്മകമാണെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. ദേശീയ മാധ്യമത്തോടായിരുന്നു പ്രതികരണം. ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരെ യുകെയില്‍ അപ്പീല്‍ നല്‍കുന്നതിന് മല്യക്ക് മെയ് മാസത്തില്‍ ബ്രിട്ടീഷ് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. എന്നാലും അദ്ദേഹത്തിനെ ഇന്ത്യക്ക് കൈമാറുന്നതിന് മുമ്പായി കുറച്ച് നിയമപ്രശ്നങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ടെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വക്താവ് വ്യക്തമാക്കി.
‘പ്രശ്നം രഹസ്യാത്മകമാണ്, ഞങ്ങള്‍ക്ക് വിശദാംശങ്ങളിലേക്ക് പോകാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഞങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ല. കഴിയുന്നതും വേഗം ഇത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു’-വക്താവ് പറഞ്ഞു. 17 ബാങ്കുകളില്‍നിന്ന് 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് 2016 മാര്‍ച്ചില്‍ മല്യ രാജ്യംവിട്ടത്.
Discussion about this post