സംഗീതം കിരയ്ക്ക് ഏറെ പ്രിയപ്പെട്ട സഹോദരനാണ്. തല വെട്ടിനുറുക്കുന്ന വേദനയിലും അവള് പാടി. എന്നാല്‍ ഓരോ ദിവസം ചെല്ലുമ്പോഴും തലയുടെ കനം വര്‍ധിച്ചു, പതുക്കെ പതുക്കെ പാട്ടുകള്‍ ആസ്വദിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് സിയാറ്റില്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയപ്പോഴാണ് ആ സത്യം അറിയുന്നത്. തന്റെ സംഗീത ജീവിതത്തെ കാര്‍ന്നു തിന്നുന്ന അപൂര്‍വ ബ്രെയിന്‍ ട്യൂമറായിരുന്നു അത്.
തലച്ചോറില്‍ കേള്‍വിശക്തിയും പാടാനുള്ള കഴിവും നിയന്ത്രിക്കുന്ന ഭാഗത്താണ് മാര്‍ബിള്‍ വലിപ്പത്തില്‍ ട്യൂമര്‍ കണ്ടെത്തിയത്. പ്രത്യേകതരത്തിലുള്ള ശബ്ദതരംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ അപസ്മാരം ഉണ്ടാകാന്‍ കാരണമാകുന്ന ഈ ട്യൂമര്‍ 10 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടുവരുന്നതാണ്.
എന്നാല്‍ വീട്ടുകാര്‍ക്കും കീരയ്ക്കും വലിയ ആഘാതം ഉണ്ടായത് ഡോക്ടര്‍മാരുടെ മറുപടി കേട്ടപ്പോഴായിരുന്നു. ട്യൂമര്‍ നീക്കം ചെയ്യാവുന്നതേ ഉള്ളൂ എന്നാല്‍ അതോടെ കിരയ്ക്ക് പാടാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം എന്നായിരുന്നു പരിശോധനാ ഫലം. എന്നാല്‍ കിരയ്ക്ക് സംഗീതത്തോടുള്ള അഭിനിവേശം എത്രത്തോളം ആണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ജസണ്‍ ഹോപ്ട്മാന് ഒരു പോംവഴി കണ്ടെത്തി. സ്വബോധത്തോടെ കിരയെ ഉണര്‍ത്തി പാട്ട് പാടിപ്പിച്ചുകൊണ്ട് ഒരു ശസ്ത്രക്രിയ നടത്തണം.
ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനസ്തേഷ്യ നല്കിയ ശേഷം കിരയോട് ശസ്ത്രക്രിയ പൂര്‍ത്തിയാകുംവരെ പാട്ടു പാടണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇതിനുപുറമേ ഓപ്പറേഷന് തിയറ്ററില്‍ സംഗീതം കേള്‍ക്കാനുള്ള സൗകര്യവുമൊരുക്കി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐലന്‍ഡ് ഇന്‍ ദ സണ്‍ എന്ന ഗാനമാണ് കിര ശസ്ത്രക്രിയാവേളയില്‍ പാടാന്‍ തിരഞ്ഞെടുത്തത്. വ്യത്യസ്ത ശബ്ദതരംഗങ്ങളോട് ട്യൂമര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്താനും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.
തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ണ്ണമായ ശേഷം കിരയ്ക്ക് ഉറങ്ങാനുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ നാലിനാണ് കിര ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ട്യൂമര്‍ നീക്കം ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ പഴയതുപോലെ അവള് പാടിത്തുടങ്ങി. ഇനി പഴയ പോലെ വേദികളിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. സംഗീതത്തിന്റെ കൂട്ടുപിടിച്ചു കൊണ്ടുള്ള കിരയുടെ ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
Discussion about this post