അമേരിക്കന്‍ പൗരന് ജോണ്‍ അലന് ചൗവിന്റെ കൊലപാതകത്തോടെയാണ് സെന്റിനല്‍ ദ്വീപ് വാര്‍ത്തകളില്‍ നിറഞ്ഞത്. അന്‍ഡമാന്‍ നിക്കോബാറിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപാണ് സെന്റില്‍. നൂറ്റാണ്ടുകളായി പുറംലോകവുമായി ബന്ധമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ടുജീവിക്കുന്നവരാണ് സെന്റിനെല്‍സ്.
ഇവിടെ ആര് ദ്വീപിലെത്തിയാലും അവരെ അമ്പെറിഞ്ഞ് പ്രതിരോധിക്കുകയാണ് ഇവിടുത്തെകാരുടെ പതിവ്. പണ്ടുകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1991ല്‍ മധുമാല ചത്രോപാധ്യായ എന്ന യുവതിയുടെ ദ്വീപിലെ ഇടപെടല്‍ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഉപദ്വീപില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുവെച്ച് സെന്റിനല്‍ ഗോത്രവംശത്തിലെ ഒരു മനുഷ്യന് മധുമാല തേങ്ങ കൈമാറുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സെന്റിനല്‍സുമായുള്ള ആദ്യത്തേയും അവസാനത്തേതുമായ സൗഹൃദ ഇടപെടല്‍ ആയിരുന്നു അതെന്ന് ചരിത്രരേഖകള്‍ പറയുന്നു.
സെന്റിനല്‍സുമായി സൗഹൃദം സ്ഥാപിക്കാനുള്ള പര്യവേഷണത്തിലെ ആദ്യത്തെ വനിതാ അംഗമാണ് മധുമാല. ആ ദൗത്യം ഏറ്റെടുത്ത ധീരയായ നരവംശ ശാസ്ത്രജ്ഞ. ആന്ത്രപ്പോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ ആദ്യം റിസര്‍ച്ച് ഫെല്ലോ ആയും പിന്നീട് റിസര്‍ച്ച് അസോസിയേറ്റ് ആയും മധുമാല പ്രവര്‍ത്തിച്ചു. പിന്നീട് ആറുവര്‍ഷം അന്‍ഡമാനിലെ ഗോത്രവിഭാഗങ്ങളെപ്പറ്റി ഗവേഷണം. അതിനിടെ അന്‍ഡമാനിലെ തന്നെ ജരാവ ഗോത്രവര്‍ഗവുമായി സൗഹൃത്തിലാവുകയും ചെയ്തു മധുമാല. അവരുടെ ട്രൈബ്സ് ഓഫ് കാര്‍ നിക്കോബാര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നു.
അന്‍ഡമാനിലെ ഒരു മനുഷ്യന് പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് മധുമാല പറയുന്നു. പതിമൂന്നംഗ സംഘത്തിനൊപ്പമാണ് മധുമാല ആദ്യമായി സെന്റിനെല്‍ ദ്വീപിലെത്തുന്നത്. ദ്വീപിലേക്കടുക്കുന്ന ബോട്ടുകളെയും മനുഷ്യരെയും കണ്ടതോടെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന നിവാസികള്‍ അമ്പും വില്ലുമായി മുന്നോട്ടുവെന്നു. ഉടന്‍ മധുമാലയും സംഘവും കൈവശമുണ്ടായിരുന്ന തേങ്ങകള്‍ വെള്ളത്തിലേക്കെറിഞ്ഞു. ആദ്യം പകച്ചുനിന്നെങ്കിലും അവര്‍ മെല്ലെ വെള്ളത്തിലേക്കിറങ്ങി ഒഴുകിനടന്ന തേങ്ങകള്‍ പെറുക്കെയെടുക്കാന്‍ തുടങ്ങി. പുരുഷന്മാരാണ് വെള്ളത്തിലേക്കിറങ്ങി വന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും കരയില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.
കൂടുതല്‍ തേങ്ങകള്‍ കൊണ്ടുവരാന്‍ സംഘം കപ്പലിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഇവരെ ‘നാരിയാലി ജാബ ജാബ’ എന്ന ശബ്ദത്തോടെ നിവാസികള്‍ സ്വീകരിച്ചെന്ന് മധുമാല പറയുന്നു. ഇനിയും തേങ്ങള്‍ വേണമെന്നാണ് അവര്‍ വിളിച്ചുപറഞ്ഞതെന്ന് മധുമാല പുസ്തകത്തില്‍ പറയുന്നു. ധൈര്യം സംഭരിച്ച നിവാസികള്‍ മധുമാലയുടെ ബോട്ടിനടുത്തേക്ക് എത്തി. അവരിലൊരാള്‍ ബോട്ടില്‍ തൊട്ടുനോക്കി. പിന്നാലെ കൂടുതല്‍ പേരെത്തി. തീരത്തുണ്ടായിരുന്ന ചിലര്‍ അമ്പെയ്യാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടത്തിലെ സ്ത്രീകള്‍ തടഞ്ഞു. ശേഷമാണ് മധുമാലയും സംഘവും വെള്ളത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചത്. പിന്നീട് തേങ്ങകള്‍ വെള്ളത്തിലൊഴുക്കുന്നതിന് പകരം നിവാസികളുടെ കൈകളിലേക്ക് തന്നെ നല്കി. മധുമാലയുടെ സാന്നിധ്യമാകാം നിവാസികള്‍ക്ക് ധൈര്യം നല്‍കിയത്.
അതിന് ശേഷവും മധുമാല മറ്റൊരു സംഘത്തിനൊപ്പം ദ്വീപ് സന്ദര്‍ശിക്കാനെത്തി. അവര്‍ അമ്പെയ്തില്ല, തേങ്ങകള്‍ സ്വീകരിക്കാന്‍ ബോട്ടിനുള്ളില്‍ വരെയെത്തി. അതിനിടെ ദ്വീപില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പ്രതിരോധശക്തി ക്ഷയിച്ചതിനാല്‍ ഒരു ചെറിയ പനി പോലും ദ്വീപുനിവാസികളുടെ മരണത്തിന് കാരണമായേക്കാം എന്ന വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു തീരുമാനം. ഇന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായി ഡല്‍ഹിയിലുണ്ട് മധുമാല.
Discussion about this post