നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതിയില്ല, കപ്പല്‍ ജീവനക്കാരായ 56 മലയാളികളടക്കം 420 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരത്ത് കുടുങ്ങി

ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാരായ 56 മലയാളികളടക്കം 420 ഇന്ത്യക്കാര്‍ ശ്രീലങ്കന്‍ തീരത്ത് കുടുങ്ങി കിടക്കുന്നു. ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ ഒന്നര ആഴ്ചയായി കപ്പല്‍ സര്‍ക്കാര്‍ തീരുമാനം കാത്ത് കിടക്കുകയാണ്.

കടല്‍മാര്‍ഗമോ, വിമാനത്തിലോ ഇവര്‍ക്ക് നാട്ടിലെത്താന്‍ സര്‍ക്കാര്‍ അനുമതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ക്വാറന്റീന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ചിലവും വഹിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ക്രൗണ്‍ പ്രിന്‍സസ്സ് കപ്പലിലാണ് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പടെ 400 ല്‍ അധികം ഇന്ത്യക്കാരുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പല കപ്പലുകളില്‍ നിന്നായി ഇന്ത്യക്കാര്‍ മുഴുവന്‍ ഈ ഒരു കപ്പലില്‍ തങ്ങുകയാണ്.

ശ്രീലങ്കയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ഇവര്‍ പറയുന്നു. നാട്ടിലെത്താന്‍ എത്രയും വേഗം സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Exit mobile version